സംസ്ഥാന സ്‌കൂള്‍ കലോല്‍സവം ഡിസം. 7,8,9 തിയ്യതികളില്‍ -ആര്‍ഭാടം ഒഴിവാക്കും


തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ ആലപ്പുഴയില്‍ നടക്കും. പ്രളയത്തെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യത്തിലാണ് കലോത്സവം മൂന്നു ദിവസം മാത്രമാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഡിപിഐയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗുണനിലവാര പരിശോധനാ സമിതി യോഗം തീരുമാനങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു.
രചനാ മത്സരങ്ങള്‍ ജില്ലാ തലത്തിലാക്കി ചുരുക്കി സംസ്ഥാന തലത്തില്‍ മൂല്യനിര്‍ണയം ചെയ്ത് വിജയികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കും.
ഗെയിംസ് ഇനങ്ങള്‍ ഒഴിവാക്കി കായിക മേള നടത്താനും തീരുമാനമായി. ഒക്ടോബര്‍ 26, 27, 28 തീയതികളില്‍ തിരുവനന്തപുരത്താണ് കായിക മേള. ഗെയിംസ് ഇനങ്ങളിലെ ജില്ലാ തലത്തിലുള്ള വിജയികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കും. അത്‌ലറ്റിക്‌സ് ഇനങ്ങള്‍ മാത്രമാണ് സംസ്ഥാന തലത്തില്‍ മത്സരം നടത്തുക. ജില്ലാ തലത്തില്‍ ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ കിട്ടിയവര്‍ മാത്രമാണ് സംസ്ഥാന തലത്തില്‍ മത്സരിക്കുക. ശാസ്‌ത്രോത്സവം നവംബര്‍ 24, 25 തീയതികളില്‍ നടക്കും. എല്‍പി, യുപി വിഭാഗം മത്സരങ്ങള്‍ സ്‌കൂള്‍ തലത്തില്‍ മാത്രമായിരിക്കും നടക്കുക. സ്‌പെഷല്‍ സ്‌കൂള്‍ മത്സരങ്ങള്‍ ഒക്ടോബര്‍ 26,27,28 തീയതികളില്‍ നടക്കും.
ആര്‍ഭാടമില്ലാതെ കലോത്സവം നടത്താനാണ് തീരുമാനം. ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി സ്ഥിരം ഹാള്‍, പന്തല്‍ എന്നിവ കലോല്‍സവത്തിനായി ഉപയോഗിക്കും. ഉദ്ഘാടനസമാപന ചടങ്ങുകളുണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നു.
ജില്ലാ കലോത്സവം 2 ദിവസം വീതം നവം.12 നും 24നും ഇടയില്‍ നടത്തും. രചനാ മത്സരങ്ങള്‍ ജില്ലാതലം വരെ (47 ഇനങ്ങള്‍) മാത്രമായിരിക്കും. ജില്ലയിലെ രചനകള്‍ സംസ്ഥാന തലത്തില്‍ വിലയിരുത്തി ഗ്രേഡ് നല്‍കും. സബ് ജില്ല ഓക്ടോബര്‍ 20 നും നവം' 3 നും ഇടയില്‍ ഒന്ന് അല്ലെങ്കില്‍ 2 ദിവസത്തിലായി നടത്തും. സ്‌കൂള്‍തലം ഒക്ടോബര്‍ ഒന്നിനും 13 നും ഇടയില്‍ നടത്തും.

RELATED STORIES

Share it
Top