Flash News

എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ത്തല്‍ : മുന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറടക്കം 5 പേര്‍ വിചാരണ നേരിടണമെന്ന് സിബിഐ കോടതി:

എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ത്തല്‍ : മുന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി  ഡയറക്ടറടക്കം 5 പേര്‍ വിചാരണ നേരിടണമെന്ന് സിബിഐ കോടതി:
X


തിരുവനന്തപുരം: 2005ലെ എസ്എസ്എല്‍സി ചോദ്യപേപ്പര്‍ പ്രസ്സില്‍ നിന്നും ചോര്‍ത്തല്‍ കേസില്‍ പ്രതികള്‍ വിചാരണ നേരിടണമെന്ന് തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു. കേസ് വിചാരണ ചെയ്യുന്നതിലേക്കായി പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെന്ന് സിബിഐ ജഡ്ജി ജെ.നാസര്‍ വ്യക്തമാക്കി.
2007 ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇപ്പോള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി വൈകി വന്ന വിവേകമാണോയെന്ന് കോടതി ചോദിച്ചു . വിചാരണ വൈകിപ്പിക്കാന്‍ ഉദ്ദേശ ശുദ്ധിയില്ലാതെ സമര്‍പ്പിച്ച ഹര്‍ജിയാണിതെന്നും കോടതി വിമര്‍ശിച്ചു. വിചാരണക്ക് മുന്നോടിയായുള്ള കുറ്റം ചുമത്തലിനായി പ്രതികള്‍ ഒക്ടോബര്‍ 10 ന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. വിചാരണ കൂടാതെ തങ്ങളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി തള്ളി.ഹര്‍ജിയെ സിബിഐ ശക്തമായി എതിര്‍ത്തിരുന്നു. പ്രതികളെ വിചാരണ ചെയ്യാന്‍ മതിയായ തെളിവുകള്‍ ഉണ്ടെന്നും വിചാരണ കൂടാതെ പ്രതികളെ കുറ്റവിമുക്തരാക്കരുതെന്നും സിബിഐ കൗണ്ടര്‍ പത്രിക സമര്‍പ്പിച്ചിരുന്നു.
സംസ്ഥാന വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന കാക്കനാട് മൂലേപ്പാടം റോഡ് അതിരയില്‍ താമസം വി.സാനു, കണിയാപുരം അസിസ്റ്റന്റ് എഡ്യൂക്കേഷന്‍ ഓഫീസര്‍ കാര്യവട്ടം അമലീനയില്‍ താമസം സി.പി.വിജയന്‍ നായര്‍, വഴയില രാധാകൃഷ്ണ
ലെയിന്‍ പുഷ്യരാഗം വീട്ടില്‍ എസ്.രവീന്ദ്രന്‍, ചോദ്യ പേപ്പര്‍ അച്ചടിച്ച വിശ്വനാഥന്‍ പ്രിന്റേഴ്‌സ് ആന്റ് പബ്ലിഷേഴ്‌സ് ഉടമ ചെന്നൈ നുങമ്പാക്കം ഹൈ റോഡ് നാലാം തെരുവില്‍ താമസം അന്നമ്മ ചാക്കോ , മാനേജിംഗ് ഡയറക്ടര്‍ വി.സുബ്രഹ്മണ്യന്‍ എന്നിവരാണ് കേസില്‍ നിലവില്‍ വിചാരണ നേരിടുന്ന പ്രതികള്‍. ഒന്നാം പ്രതിയായിരുന്ന വിശ്വനാഥന്‍ പ്രസ്സിന്റെ ജനറല്‍ മാനേജര്‍ രാജന്‍ ചാക്കോ വിചാരണ തുടങ്ങും മുമ്പേ മരണപ്പെട്ടിരുന്നു.
2005ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചോര്‍ത്തിയ ചോദ്യപേപ്പര്‍ ഒരു പെണ്‍കുട്ടിക്ക് ലഭിച്ചത് കൂട്ടുകാരിക്ക് കൈമാറിയതോടെയാണ് കള്ളി വെളിച്ചത്തായത്. തുടര്‍ന്ന് സര്‍ക്കാര്‍ പരീക്ഷ റദ്ദാക്കി പുന:പരീക്ഷ നടത്തുകയായിരുന്നു. ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നിയമ വിരുദ്ധമായ മാര്‍ഗ്ഗത്തിലൂടെയാണ് വിശ്വനാഥന്‍ പ്രസ്സിന് അച്ചടിക്കരാര്‍ നല്‍കിയതെന്നും സി ബി ഐ അന്വേഷണത്തില്‍ കണ്ടെത്തി. അച്ചടിക്കരാര്‍ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കാന്‍ 2004 നവംബര്‍ 16ന് ഡെപ്യൂട്ടി ഡയറക്ടര്‍ മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തി നിയമവിരുദ്ധമായി പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചു. സര്‍ക്കാര്‍ ഓഫീസിലെ നോട്ട് ഫയലുകളില്‍ കൃത്രിമം കാട്ടി പരീക്ഷാ കമ്മീഷണറെ തെറ്റിദ്ധരിപ്പിച്ചാണ് ധൃതിയില്‍ കരാര്‍ നല്‍കിയതെന്നും സംസ്ഥാന സര്‍ക്കാരിനെ പ്രതികള്‍ വഞ്ചിച്ചതായും സിബിഐ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സിബിഐ ഇന്‍സ്‌പെക്ടര്‍ പി.അരിന്‍ ചന്ദ്ര ബോസ് 2007 ജൂണ്‍ 11 നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അഴിമതി നിരോധന നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it