ശ്രീകാന്തും പുറത്തായി; ഇന്ത്യന്‍ പ്രതീക്ഷ അവസാനിച്ചു


ടോക്കിയോ: ജപ്പാന്‍ ഓപണിന്റെ പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ കടന്നിരുന്ന ഇന്ത്യന്‍ ഏകപ്രതീക്ഷ കിഡംബി ശ്രീകാന്തും പുറത്തായതോടെ ടൂര്‍ണമെന്റിലെ ഇന്ത്യന്‍ പ്രതീക്ഷ അവസാനിച്ചു. ഇന്ന നടന്ന ക്വാര്‍ട്ടറില്‍ കൊറിയയുടെ ലോക 33ാം നമ്പര്‍ താരം ലീ ഡോങ് ക്യുനിനോടാണ് ലോക എട്ടാം നമ്പര്‍ താരമായ ശ്രീകാന്ത് പൊരുതിത്തോറ്റത്. ആദ്യ ഗെയിം നേടിയ ശേഷമാണ് ശ്രീകാന്ത് മല്‍സരത്തില്‍ പിന്നോട്ട് പോയത്. 1 മണിക്കൂറും 19 മിനിറ്റും നീണ്ട മല്‍സരത്തില്‍ 21-19, 16-21, 18-21 എന്ന സ്‌കോറിനായിരുന്നു ശ്രീകാന്തിന്റെ തോല്‍വി. നേരത്തേ പ്രീക്വാര്‍ട്ടറില്‍ ലോക മൂന്നാം നമ്പര്‍ താരം പി വി സിന്ധുവും 10ാം നമ്പര്‍ താരം എച്ച് എസ് പ്രണോയിയും പരാജയപ്പെട്ട് പുറത്തായിരുന്നു.
ഇന്ന് നടന്ന മറ്റ് പുരുഷ ക്വാര്‍ട്ടര്‍ മല്‍സരങ്ങളില്‍ മുന്‍ ചൈനീസ് ഇതിഹാസ താരങ്ങളായ ലിന്‍ ഡാനും ചെന്‍ ലോങിനും പരാജയം നേരിട്ടപ്പോള്‍ ലോക ഒന്നാം നമ്പര്‍ താരം വിക്ടര്‍ ആക്‌സെല്‍സന്‍ സെമിയില്‍ പ്രവേശിച്ചു. വനിതകളില്‍ ലോക രണ്ടാം നമ്പര്‍ താരം ആതിഥേയരുടെ അകാനെ യമഗുച്ചിക്കും തോല്‍വി വഴങ്ങേണ്ടി വന്നു. നേരത്തേ ഒന്നാം നമ്പര്‍ താരം തായ് സു യിങിന് അട്ടിമറി നേരിട്ടിരുന്നു.

RELATED STORIES

Share it
Top