ഡെന്‍മാര്‍ക്ക് ഓപണില്‍ സിന്ധുവിന് തോല്‍വി; സൈനയും ശ്രീകാന്തും പ്രീക്വാര്‍ട്ടറില്‍


ഓഡന്‍സ: ഡെന്മാര്‍ക്ക് ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ലോക മൂന്നാം റാങ്കുകാരി ഇന്ത്യയുടെ പിവി സിന്ധുവിന് അപ്രതീക്ഷിത തോല്‍വി. അതേസമയം, ഇന്ത്യയടെ സൂപ്പര്‍ താരങ്ങളായ സൈന നെഹ്‌വാള്‍,കിഡംബി ശ്രീകാന്ത്, സമീര്‍ വര്‍മ എന്നിവര്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു.
ഡെന്മാര്‍ക്കിന്റെ ക്രിസ്റ്റ്യന്‍ വിറ്റിംഗസിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍ കടന്നത്. സ്‌കോര്‍ 21-16,21-10. വാങ്ചരണ്‍-ലിന്‍ ഡാന്‍ തമ്മിലുള്ള മല്‍സര വിജയിയെയാണ് ശ്രീകാന്ത് രണ്ടാം റൗണ്ടില്‍ നേരിടുക.
ലോക രണ്ടാം നമ്പര്‍ താരം ചൈനയുടെ ഷി യുഖിയെ അട്ടിമറിച്ചാണ് ഇന്ത്യയുടെ ലോക 23ാം നമ്പര്‍ താരം സമീര്‍ വര്‍മയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം. സ്‌കോര്‍ 21-17, 21-18. ലോക 13ാം നമ്പര്‍ താരം ജൊനാഥന്‍ ക്രിസ്റ്റിയെയാണ് സമീര്‍ വര്‍മ അടുത്ത റൗണ്ടില്‍ നേരിടുക.
ആദ്യ റൗണ്ടില്‍ തന്നെ ചൈനയുടെ സീഡില്ലാ താരം ബേവന്‍ യങാണ് സിന്ധുവിനെതിരെ അട്ടിമറി ജയം സ്വന്തമാക്കിയത്. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു യങിന്റെ ജയം. സ്‌കോര്‍ 21-17, 16-21, 21-18.
ഹോങ്കോങ്ങിന്റെ ലോക 24ാം നമ്പര്‍ താരം ഗ്യാന്‍ യി ച്യൂങിനെ ഒന്നിനെതിരേ രണ്ട് ഗെയിമുകള്‍ക്കാണ് സൈന തോല്‍പിച്ചത്. സ്‌കോര്‍ 20-22, 21-17, 24-22. ആദ്യഗെയിമില്‍ അല്‍പം പിറകോട്ടു പോയെങ്കിലും ശക്തമായി തിരിച്ചുവന്നാണ് സൈന ഗെയിം സ്വന്തമാക്കിയത്. ലോക രണ്ടാം നമ്പര്‍ താരം അകാനെ യമഗുച്ചിയെയാണ് സൈന പ്രീക്വാര്‍ട്ടറില്‍ നേരിടുക. മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-സാത്വിക് സായ്‌രാജ് റാങ്കിറെഡ്ഡി സഖ്യത്തിന് തോല്‍വി പിണഞ്ഞു. കൊറിയന്‍ സഖ്യത്തോട് 21-17,21-18 എന്ന സ്‌കോറുകള്‍ക്കാണ് തോറ്റത്.

RELATED STORIES

Share it
Top