Flash News

ലോകകപ്പ് ഫൈനലിസ്റ്റുകാര്‍ക്കെതിരേ ആറാടി സ്പാനിഷ് പട

ലോകകപ്പ് ഫൈനലിസ്റ്റുകാര്‍ക്കെതിരേ ആറാടി സ്പാനിഷ് പട
X

എല്‍കേ (സ്‌പെയിന്‍): യുവേഫ നാഷന്‍സ് ലീഗില്‍ റഷ്യന്‍ ലോകകപ്പിലെ ഫൈനലിസ്റ്റുകാര്‍ക്ക് വന്‍ നാണക്കേട്. സ്വന്തം തട്ടകത്തില്‍ സ്‌പെയിനാണ് എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് ക്രൊയേഷ്യയെ നാണം കെടുത്തിയത്. ക്രൊയേഷ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണിത്. ജയത്തോടെ എ ലീഗിലെ ഗ്രൂപ്പ് നാലില്‍ ആറു പോയിന്റുമായി സ്‌പെയിന്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. നേരത്തേ നടന്ന ആദ്യ മല്‍സരത്തില്‍ സ്‌പെയിന്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു.
ലൂക്കാ മോഡ്രിച്ചും ഇവാന്‍ റാക്കിറ്റിച്ചും പെരിസിച്ചും അടക്കമുള്ള മുന്‍നിര താരങ്ങളെ അണിനിരത്തിയാണ് ക്രൊയേഷ്യ സ്‌പെയിനിനെ നേരിടാനിറങ്ങിയത്.
24ാം മിനിറ്റു വരെ ഇരു ടീമും മുന്നേറ്റവും പ്രതിരോധവും കാത്തുസൂക്ഷിച്ചാണ് കളിച്ചത്. എന്നാല്‍ അത്‌ലറ്റികോ മാഡ്രിഡ് മിഡ്ഫീല്‍ഡര്‍ സോള്‍ നിഗ്വെസ് ആദ്യ ഗോള്‍ നേടിയതോടെ കളിമാറി. പിന്നീട് ഗോളുകളുടെ പൂരമാണ് സ്പാനിഷ് സ്റ്റേഡിയത്തില്‍ അരങ്ങേറിയത്.
33ാം മിനിറ്റില്‍ അസെന്‍സിയോ വീണ്ടും സ്‌പെയ്‌നിനായി ലക്ഷ്യം കണ്ടു. സ്‌കോര്‍ 2-0. രണ്ടു മിനിറ്റിനുള്ളില്‍ ക്രൊയേഷ്യയെ വീണ്ടും ഞെട്ടിച്ച് ഗോള്‍കീപ്പര്‍ ലോവ്‌റെ കാലിനിച്ച് സെല്‍ഫ് ഗോളും വഴങ്ങിയതോടെ സ്‌പെയിന്‍ 3-0ന് മുന്നില്‍. രണ്ടാംപകുതിയില്‍ റോഡ്രിഗോ (49), സെര്‍ജിയോ റാമോസ് (57), ഇസ്‌കോ (70) എന്നിവര്‍ ലക്ഷ്യം കണ്ടു.
ക്രൊയേഷ്യയ്‌ക്കെതിരായ ജയത്തോടെ ഹോം ഗ്രൗണ്ടില്‍ അപരാജിതരായി റെക്കോഡ് തുടരുകയാണ് സ്‌പെയിന്‍. അവസാനമായി ഹോം ഗ്രൗണ്ടില്‍ നടന്ന 38 ടൂര്‍ണമെന്റ് മല്‍സരങ്ങളിലും സ്‌പെയിന്‍ തോല്‍വി വഴങ്ങിയിട്ടില്ല. 2003ലാണ് ടീം അവസാനമായി തങ്ങളുടെ തട്ടകത്ത് പരാജയപ്പെട്ടത്. കൂടാതെ പുതിയ പരിശീലകനായി ചുമതലയേറ്റ ലൂയിസ് എന്റികെ മികച്ച തുടക്കമാണ് സ്‌പെയിനിന് നല്‍കുന്നത്.
Next Story

RELATED STORIES

Share it