Flash News

യൂത്ത് ഒളിംപിക്‌സില്‍ സൗരഭ് ചൗധരിയിലൂടെ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം;

യൂത്ത് ഒളിംപിക്‌സില്‍ സൗരഭ് ചൗധരിയിലൂടെ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം;
X

ബ്യൂണസ് ഐറിസ്: യൂത്ത് ഒളിംപിക്‌സില്‍ ഈ വര്‍ഷം ആദ്യമായി സ്വര്‍ണം നേടിയ ഇന്ത്യയുടെ അക്കൗണ്ടില്‍ വീണ്ടും സ്വര്‍ണപ്പെരുമഴ. ഇന്നലെ ഷൂട്ടിങ് സെന്‍സേഷന്‍ സൗരഭ് ചാധരിയാണ് ഇന്ത്യയുടെ അക്കൗണ്ടില്‍ മൂന്നാം സ്വര്‍ണവും സമ്മാനിച്ചത്. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ 244.2 പോയിന്റുമായാണ് താരം സ്വര്‍ണം വെടിവച്ചിട്ടത്. രണ്ടാമതുള്ള കൊറിയന്‍ താരം സങ് യുന്‍ഹോയെക്കാള്‍ (236.7) ബഹുദൂരം മുന്നിലായാണ് ഈ 16 കാരന്‍ മല്‍സരം അവസാനിപ്പിച്ചത്. സ്വിസ് താരം സൊളാരി ജേസനാണ് (215.6) ഈ ഇനത്തില്‍ വെങ്കലം. നേരത്തേ നടന്ന യോഗ്യതാ മല്‍സരത്തില്‍ 580 പോയിന്റുമായി ഒന്നാമതെത്തിയാണ് ചൗധരി ഫൈനലിലേക്ക് കുതിച്ചത്. ഫൈനലില്‍ തുടക്കത്തില്‍ തന്നെ ലീഡ് നേടിയ താരത്തെ ഒരുവേള മറികടക്കാന്‍ പോലും മറ്റ് ഏഴ് മല്‍സരാര്‍ത്ഥികള്‍ക്കും കഴിഞ്ഞില്ല. നേരത്തേ ഈ വര്‍ഷം നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ചൗധരി ലോക ഷൂട്ടിങ് ചാംപ്യന്‍ഷിപ്പിലും സ്വര്‍ണം ആവര്‍ത്തിച്ചു. നേരത്തേ വനിതകളുടെ ഈ വിഭാഗത്തില്‍ ഇന്ത്യയുടെ മനു ഭാക്കര്‍ സ്വര്‍ണം ഉയര്‍ത്തിയിരുന്നു. ഭാരോദ്വഹനത്തില്‍ ജെറിമി ലാല്‍റിനുംഗയാണ് ഇന്ത്യയുടെ സ്വര്‍ണ വേട്ടയ്ക്ക് തുടക്കമിട്ടത്.
ഇതോടെ ഇന്ത്യ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 13 സ്വര്‍ണമുള്‍പ്പെടെ 16 മെഡലുകളുമായി റഷ്യയാണ് ഒന്നാം സ്ഥാനത്ത്. ആറ് സ്വര്‍ണം അക്കൗണ്ടിലുള്ള ഹംഗറിക്ക് തൊട്ടുപിന്നിലാണ് ഇന്ത്യ.
അതേസമയം, യൂത്ത് ഒളിംപിക്‌സ് ടേബിള്‍ ടെന്നിസ് വനിതാ സിംഗിള്‍സില്‍ ഇന്ത്യയില്‍ നിന്ന് ആദ്യമായി സെമി ഫൈനലില്‍ പ്രവേശിച്ച് ചരിത്രം കുറിച്ച അര്‍ച്ചന കമ്മത്തിന് സെമിയില്‍ പരാജയപ്പെടേണ്ടി വന്നു. ചൈനയുടെ സണ്‍ യിങ്ഷായോട് 4-1 നാണ്(3-11, 7-11, 6-11, 11-1, 5-11) താരം അടിയറവ് പറഞ്ഞത്.
നേരത്തേ നടന്ന ഹോക്കിയില്‍ ഗ്രൂപ്പ് മല്‍സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ വനാത്വയെ എതിരില്ലാത്ത 16 ഗോളുകള്‍ക്ക് തകര്‍ത്തു. ഇതോടെ ഗ്രൂപ്പില്‍ അപരാജിതരായി മുന്നേറുകയാണ് ഇന്ത്യ.
അത്‌ലറ്റിക്‌സ് മല്‍സരങ്ങള്‍ ഇന്ന് ആരംഭിക്കും. ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏഴ് മല്‍സരാര്‍ഥികളില്‍ ജെ വിഷണുപ്രിയയാണ് മലയാളിയാളി സാന്നിധ്യം.
Next Story

RELATED STORIES

Share it