ശബരിമലയില്‍ സ്ത്രീഭക്തര്‍ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കും: ദേവസ്വം ബോര്‍ഡ്


തിരുവനന്തപുരം: ശബരിമലയിലെത്തുന്ന സ്ത്രീ ഭക്തര്‍ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. സുപ്രീംകോടതി വിധിയുടെ പശ്ചാതലത്തില്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സുപ്രീംകോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച
ചെയ്യാനാണ് മുഖ്യമന്ത്രിയുമായി തിരുവിതാംകൂര്‍ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ കൂടിക്കാഴ്ച
നടത്തിയത്. കൂടിക്കാഴ്ചയില്‍ ശബരിമല,പമ്പ,ബെയ്‌സ് പോയിന്റായ നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിലവില്‍ ഭക്തര്‍ക്കായുള്ള അടിസ്ഥാന സൗകര്യങ്ങളും ക്രമീകരണങ്ങളും സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മുഖ്യമന്ത്രിയെ ധരിപ്പിച്ചു. നിലവിലെ സാഹചര്യത്തിലുള്ള എല്ലാ സൗകര്യങ്ങളും സ്ത്രീഭക്തര്‍ക്കായി ദേവസ്വം ബോര്‍ഡ് ഒരുക്കിക്കൊടുക്കുമെന്നും പ്രസിഡന്റ് എ പത്മകുമാര്‍ മുഖ്യമന്ത്രിയോട്
പറഞ്ഞു.
സ്ത്രീ പ്രവേശനത്തിന് അനുമതി ലഭിച്ചെങ്കില്‍ ശബരിമലയിലേക്ക് വലിയ തോതില്‍ സ്ത്രീകളെത്താന്‍ സാധ്യതയില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിലയിരുത്തല്‍. ടൂറിസ്റ്റുകളായല്ല വിശ്വാസികള്‍ ശബരിമലയിലെത്തുന്നത്. വിശ്വാസവും ആചാരങ്ങളും പാലിക്കുന്നവരാണ് ശബരിമലയിലെത്തുകയെന്നും അതിനാല്‍ തന്നെ കൂടുതലായി സ്ത്രീകള്‍ എത്താന്‍ സാധ്യതയില്ലെന്നും ദേവസ്വം അംഗങ്ങള്‍ വ്യക്തമാക്കി.
സുപ്രീംകോടതി വിധിയുമായ ബന്ധപ്പെട്ട കാര്യത്തില്‍ ഇപ്പോള്‍ പലകേന്ദ്രങ്ങളിലും പ്രചരിക്കുന്നതുപോലെയുള്ള ഭയാനകമായ സാഹചര്യം ഇല്ല. ശബരിമലയിലെ ആചാരാനുഷ്ടാനങ്ങളും സാഹചര്യവും മലകയറ്റത്തിലെ ബുദ്ധിമുട്ടുകളും സംവിധാനങ്ങളും അറിയാവുന്നവരാകും അയ്യപ്പദര്‍ശനത്തിനായി എത്തിച്ചേരുക.അങ്ങനെ വരുന്നവര്‍ക്കെല്ലാം നിലവിലെ സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നും ദേവസ്വം ബോര്‍ഡ്
പ്രസിഡന്റ് ചര്‍ച്ചയില്‍ വ്യക്തമാക്കി. വലിയതോതില്‍ സ്ത്രീകള്‍ ഇപ്പോള്‍ ശബരിമലയില്‍ എത്തില്ലെന്നാണ് സര്‍ക്കാരും കരുതുന്നതെന്നും എന്നാലും വരുന്നവര്‍ക്കുള്ള സൗകര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് ഒരുക്കികൊടുക്കണമെന്നും മുഖ്യമന്ത്രി ബോര്‍ഡ് അധികാരികളോട് നിര്‍ദ്ദേശിച്ചു. സുപ്രീംകോടതി വിധി കണക്കിലെടുത്ത് എന്തൊക്കെ സംവിധാനങ്ങള്‍ ശബരിമലയിലെത്തുന്നവര്‍ക്കായി ഒരുക്കാമെന്നതിനെപ്പറ്റി നാളെ ചേരുന്ന ഉന്നതതലയോഗത്തില്‍ തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി ദേവസ്വം പ്രസിഡന്റ് കൂടിക്കാഴ്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട്
പറഞ്ഞു. കുടിവെള്ളം,വിരിഷെഡുകള്‍,ടോയിലറ്റ് സംവിധാനങ്ങള്‍ തുടങ്ങിയ ഇപ്പോള്‍ തന്നെ ഒരുക്കിയിട്ടുണ്ട്. അത് സ്ത്രീകള്‍ക്കും കൂടി
പ്രയോജനപ്പെടുത്താനാകും. ശബരിമല സന്നിധാനത്തും പമ്പയിലും നിലയ്ക്കലും ദേവസ്വം ബോര്‍ഡിന് കൂടുതലായി
ഭൂമി ഇല്ല. ആയതിനാല്‍ സ്ത്രീ ഭക്തരുടെ വരവ് കൂടെ കണക്കിലെടുത്ത് ശബരിമലയില്‍ 100 ഏക്കറും നിലക്കലില്‍ 100 ഹെക്ടറും ഭൂമി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.ബോര്‍ഡിന്റെ ആവശ്യത്തിന്‍മേല്‍ പരിശോധന നടത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും എ പത്മകുമാര്‍ അറിയിച്ചു.
വിധി നടപ്പാക്കുന്ന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് നടത്തേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ഒക്ടോബര്‍ 3 ന് ചേരുന്ന
ബോര്‍ഡ് യോഗം അന്തിമതീരുമാനമെടുക്കും.അതിനുശേഷം മുഖ്യമന്ത്രിയുമായും വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചര്‍ച്ച നടത്തുമെന്നും എ.പത്മകുമാര്‍ പറഞ്ഞു.സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂഹര്‍ജി നല്‍കുന്ന കാര്യം നിയമവിദഗ്ധരുമായി ആലോചിച്ച് ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. നിലവിലെ ആചാരാനുഷ്ടാനങ്ങള്‍ക്കനുസരിച്ചുള്ള നടപടികളുമായി ബോര്‍ഡ്
മുന്നോട്ടുപോകും. ശബരിമലയുടെ കാര്യത്തില്‍ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും കരുതലോടെയാണ് കാര്യങ്ങള്‍
ചെയ്യുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ രാഘവന്‍,കെ പി ശങ്കരദാസ്, ദേവസ്വം കമ്മീഷണര്‍ എന്‍ വാസു എന്നിവര്‍ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സംബന്ധിച്ചു. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തിരിക്കുന്ന
ഉന്നതതല യോഗം നാളെ മുഖ്യമന്ത്രിയുടെ കോണ്‍ഫെറന്‍സ് ഹാളില്‍ നടക്കും.

RELATED STORIES

Share it
Top