പരുമല ദേവസ്വം ബോര്‍ഡ് പമ്പാ കോളജില്‍ അതിക്രമം; നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍പത്തനംതിട്ട: പരുമല ദേവസ്വം ബോര്‍ഡ് പമ്പാ കോളജില്‍ അതിക്രമം കാണിച്ച നാല് എസ്എഫ്‌ഐ പ്രവര്‍ത്തകരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കോളജിന് മുമ്പിലെ ഗാന്ധി പ്രതിമയുടെ തലയില്‍ സിമന്റ് കട്ട വച്ച് അവഹേളിക്കുയും ലൈബ്രറി ഹാളിന് മുന്നിലെ ലൈറ്റുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്ത സംഭവത്തിലാണ് സസ്‌പെന്‍ഷന്‍. അക്ഷയ് ബാബു, രാഹുല്‍ ആര്‍ നായര്‍, അശ്വിന്‍ മനോഹര്‍, മഹേഷ് എന്നീ വിദ്യാര്‍ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ചൊവ്വാഴ്ച രാത്രിയിലാണ് നാല് വിദ്യാര്‍ഥികള്‍ കോളജിനുള്ളില്‍ അതിക്രമിച്ചു കടന്നത്. തുടര്‍ന്ന് ലൈബ്രറി ഹാളിനു മുന്നിലെ നോട്ടീസ് ബോര്‍ഡും ഏതാനും ട്യൂബ്‌ലൈറ്റുകളും എല്‍ഇഡിലൈറ്റും ഇവര്‍ നശിപ്പിച്ചു. കോളജിന്റെ പ്രധാന കെട്ടിടത്തിനു മുമ്പിലെ ഗാന്ധി പ്രതിമയുടെ തലയില്‍ സിമന്റുകട്ട വച്ച നിലയിലായിരുന്നു ബുധനാഴ്ച കാണപ്പെട്ടത്.
സെക്യൂരിറ്റി ജീവനക്കാരന്‍ അറിയിച്ചതിനെത്തുടര്‍ന്ന് പ്രിന്‍സിപ്പല്‍ അടിയന്തര കൗണ്‍സില്‍ യോഗവും ജനറല്‍ബോഡി യോഗവും ചേര്‍ന്നശേഷം ഇവരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. എന്നാല്‍ തങ്ങളങ്ങനെ ചെയ്തിട്ടില്ലെന്നാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ഥികളുടേയും എസ്എഫ്‌ഐ നേതാക്കളുടേയും വാദം. സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ പുളിക്കീഴ് പൊലിസില്‍ പരാതി നല്‍കി.

RELATED STORIES

Share it
Top