നവരാത്രി ആഘോഷം; 500 മാംസ വില്‍പ്പന കടകള്‍ ശിവസേന അടപ്പിച്ചുഗുരുഗ്രാം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി അഞ്ഞൂറോളം മാംസ വില്‍പ്പന കടകള്‍ അടപ്പിച്ച് ശിവസേന. ഗുരുഗ്രാമിലെ മാംസ വില്‍പ്പനക്കാര്‍ക്ക് നേരെയാണ് ശിവസേനയുടെ നേതൃത്വത്തിലുള്ള ഹിന്ദു സംഘര്‍ഷ് സമിതി ഭീഷണി മുഴക്കിയത്. മാംസ വില്‍പ്പന തടയുന്നതിന് 22 ഓളം വരുന്ന ഹിന്ദുത്വ സംഘടനകള്‍ കൂടിചേര്‍ന്നാണ് ഹിന്ദു സംഘര്‍ഷ് സമിതി രൂപീകരിച്ചിട്ടുള്ളത്. നോണ്‍-വെജ് വിഭവങ്ങള്‍ വിളമ്പുന്ന ഹോട്ടലുകളും നവരാത്രി ആഘോഷങ്ങള്‍ നടക്കുന്ന ഒമ്പത്
ദിവസവും അടച്ചിടണമെന്നും ഹിന്ദു സംഘര്‍ഷ് സമിതി ആവശ്യപ്പെട്ടു. കടകള്‍ അടപ്പിക്കാന്‍ 125 അംഗ സേനക്ക് രൂപം നല്‍കിയതായി അറിയിച്ചുള്ള കത്ത് നേരത്തെ തന്നെ ശിവസേന ജില്ലാ ഭരണകൂടത്തിന് കൈമാറിയിരുന്നു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മാംസകടകള്‍ അടക്കണമെന്ന തങ്ങളുടെ ആവശ്യം ജില്ലാ ഭരണകൂടം നേരിട്ട് നടപ്പാക്കിയില്ലെങ്കില്‍ അത് തങ്ങള്‍ തന്നെ മുന്നിട്ടിറങ്ങി നടത്തുമെന്ന് കത്തില്‍ ഭീഷണി മുഴക്കി. പരസ്യമായി നിയമം കൈയ്യിലെടുത്തിട്ടും പോലിസ് നിഷ്‌ക്രിയരാണെന്ന് മാംസ കച്ചവടക്കാര്‍ പറഞ്ഞു. ഇന്ന് മുതല്‍ 18 വരേയാണ് നവരാത്രി ആഘോഷങ്ങള്‍. ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് വ്യാപാരികള്‍ സുരക്ഷ ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചിട്ടുണ്ട്. പ്രത്യേക ഫോഴ്‌സിനെ നിയമിക്കാമെന്ന് പൊലീസ് പറഞ്ഞിട്ടുണ്ടെങ്കിലും ആറ് മണിക്ക് ശേഷം ഇവിടെ കാര്യമായി പൊലീസൊന്നും എത്തുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.
നവരാത്രി ദിനത്തില്‍ ഏതെങ്കിലും മാംസകടകള്‍ തുറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ തങ്ങള്‍ അത് പൂട്ടിക്കുമെന്നും അതിന്റെ പേരില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഒരു പ്രശ്‌നവുമില്ലെന്ന് ശിവസേന ജില്ലാ പ്രസിഡന്റ് ഗൗതം സേനി പറഞ്ഞു.
നവ രാത്രി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ചില ആളുകള്‍ കടയില്‍ വന്നിരുന്നുവെന്നും കടകള്‍ പൂട്ടിയില്ലെങ്കില്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയതായും ഗുരുഗ്രാമിലെ മാംസ കച്ചവടക്കാരന്‍ പറഞ്ഞു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മാംസ കടകള്‍ അടച്ചിട്ടാല്‍ 10 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടാകുമെന്ന് മറ്റൊരു കച്ചവടക്കാരനും പറഞ്ഞു.

RELATED STORIES

Share it
Top