മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ്: പ്രത്യേക അന്വേഷണമില്ല, വീട്ടുതടങ്കല്‍ തുടരുംന്യൂഡല്‍ഹി: ഭീമ കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാല് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറസ്റ്റിലായ കേസില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. ഇവരെ അറസ്റ്റ് ചെയ്തത് കേവലം അഭിപ്രായ ഭിന്നതയുടെയോ വ്യത്യസ്ത ആശയം പുലര്‍ത്തിയതിന്റെയോ പേരില്‍ മാത്രമല്ലെന്നും കോടതി നിരീക്ഷിച്ചു.

വരവര റാവു, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെറേര, സുധ ഭരദ്വാജ് എന്നിവരുടെ അറസ്റ്റ് സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം തേടിയുള്ള ഹരജിയാണ് തള്ളിയത്. നാലു പേരെയും നാലാഴ്ച്ച കൂടി വീട്ടുതടങ്കലില്‍ വയ്ക്കാനും കോടതി ഉത്തരവിട്ടു.

കുറ്റം ആരോപിക്കപ്പെട്ടവര്‍ക്ക് തങ്ങള്‍ക്കിഷ്ടപ്പെട്ട അന്വേഷണം ആവശ്യപ്പെടാനോ തങ്ങളെ ഏത് രീതിയില്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടാനോ അവകാശമില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, ബെഞ്ചിലെ മൂന്നാമത്തെ ജഡ്്ജിയായ ഡി വൈ ചന്ദ്രചൂഡ് ഇതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചു.

വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. കോടതി നടപടികള്‍ തുടരുന്നതിനിടയില്‍ പൂനെ പോലിസ് വാര്‍ത്താ സമ്മേളനം വിളിച്ച് പ്രതികള്‍ക്കെതിരേ ഗുരുതര ആരോപണം ഉന്നയിച്ചതിനെയും അദ്ദേഹം വിമര്‍ശിച്ചു. കോടതി നിരീക്ഷണത്തില്‍ പ്രത്യേക അന്വേഷണം സംഘം അന്വേഷിക്കേണ്ട കേസാണിത്. അന്വേഷണം നീതിപൂര്‍വമല്ല നടക്കുന്നതെന്ന് പൂനെ പോലിസിന്റെ നടപടികളില്‍ നിന്ന് വ്യക്തമാണെന്നും അദ്ദേഹം നിരീക്ഷിച്ചു.

ജനുവരി 1ന് പൂനെയില്‍ നടന്ന ഭീമ കൊരേഗാവ് സംഘര്‍ഷത്തിന്റെ തലേദിവസത്തെ എല്‍ഗാര്‍ പരിഷദ് യോഗത്തിന് മാവോവാദി ബന്ധമുണ്ടെന്ന് ആരോപിച്ച് ആഗസ്ത് 28നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തത്. എന്നാല്‍, ഇവരെ ജലിലില്‍ അടക്കുന്നതിന് പകരം വീട്ടുതടങ്കലില്‍ വയ്ക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top