മുന്‍ ഹോക്കി ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ് വിരമിച്ചു

ചണ്ഡിഗഡ്: രാജ്യത്തിനു വേണ്ടി 350ലധികം അന്താരാഷ്ട്ര മല്‍സരങ്ങള്‍ കളിച്ച മുന്‍ ഹോക്കി ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ് വിരമിക്കുന്നു. ഇന്ത്യ വെങ്കലമെഡല്‍ നേടിയ ജകാര്‍ത്ത ഏഷ്യാഡിലും ടീമില്‍ അംഗമായിരുന്നു. രാജ്യത്തിനു വേണ്ടി നീണ്ട 12 വര്‍ഷം താന്‍ കളിച്ചു. ഇപ്പോള്‍ പുതു തലമുറക്കു ബാറ്റണ്‍ കൈമാറാനുള്ള സമയമായി. ഹിന്ദുസ്ഥാന്‍ ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാതിരുന്ന സര്‍ദാര്‍ സിങ് കഠിനാധ്വാനത്തിലൂടെ ചാംപ്യന്‍ ട്രോഫിക്കുള്ള ടീമില്‍ തിരിച്ചെത്തുകയായിരുന്നു. ടീം വെള്ളിമെഡല്‍ നേടുകയും ചെയ്തു. ഇക്കഴിഞ്ഞ ജകാര്‍ത്ത ഏഷ്യന്‍ ഗെയിംസിനു വേണ്ടി നടത്തിയ ശാരീരികക്ഷമതാ ടെസ്റ്റില്‍ ടീമില്‍ ഏറ്റവും കരുത്തനായി സര്‍ദാര്‍. ശാരീരികക്ഷമത പരിശോധിക്കുന്ന യോ-യോ ടെസ്റ്റില്‍ വിരാട് കോഹ്്‌ലിക്കു പിന്നിലായി ഇന്ത്യയുടെ കരുത്തുറ്റ കായികതാരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ദാര്‍ 32ാം വയസ്സില്‍ വിരമിക്കുന്നത് അഭിമാനത്തോടെയാണ്.
ഇന്ത്യ സ്വര്‍ണമെഡല്‍ നേടിയ 2014ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലും വെള്ളിമെഡല്‍ നേടിയ 2010, 2014 കോമണ്‍വെല്‍ത്ത് ഗെയിംസിലും ടീമില്‍ നിര്‍ണായക ഘടകമായിരുന്നു അദ്ദേഹം. 2003ല്‍ പോളണ്ടിനെതിരായ കളിയിലൂടെ ഇന്ത്യന്‍ ജൂനിയര്‍ ടീമില്‍ അംഗമായ സര്‍ദാര്‍ സിങ് 2006ല്‍ പാകിസ്താനെതിരായ കളിയിലാണ് സീനിയര്‍ ടീമില്‍ അംഗമായത്.
നിലവില്‍ ഹരിയാന പോലിസിലെ ഡിഎസ്പിയായ സര്‍ദാര്‍ സിങ് തുടര്‍ന്നും പോലിസ് സേനയില്‍ ഉണ്ടായിരിക്കുമെന്ന് ഉറപ്പുനല്‍കുന്നു.

RELATED STORIES

Share it
Top