അറസ്റ്റിലായ സഞ്ജീവ് ഭട്ടിനെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് ഭാര്യന്യൂഡല്‍ഹി : രണ്ടാഴ്ച മുന്‍പ് അറസ്റ്റിലായ ഗുജറാത്തിലെ മുന്‍ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെക്കുറിച്ച് യാതൊരു വിവരവും പുറത്തു വരാത്തത് ആശങ്കയുണര്‍ത്തുന്നു. കഴിഞ്ഞ 12 ദിവസമായി ഭര്‍ത്താവിനെക്കുറിച്ച് വിവരമൊന്നുമില്ലെന്നു കാണിച്ച് ഭട്ടിന്റെ ഭാര്യ ശ്വേത സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ വിഷയം ചര്‍ച്ചയാവുകയാണ്.
സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി ആളുകള്‍ ശ്വേതയുടെ കുറിപ്പുകള്‍ പങ്ക് വച്ച് സഞ്ജീവ് ഭട്ട് എവിടെയെന്ന് വ്യക്തമാക്കുക, അദ്ദേഹത്തിന് ജാമ്യമനുവദിച്ച് ഉടന്‍ തന്നെ പുറത്തുവിടുക എന്നീ ആവശ്യങ്ങളുയര്‍ത്തി ക്യാംപയിന്‍ ആരംഭിച്ചിട്ടുണ്ട്.സഞ്ജീവ് ഭട്ടിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് ശ്വേതയുടെ വിഡിയോ പ്രത്യക്ഷപ്പെട്ടത്.
ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്ത് അഭിഭാഷകനെ കള്ളക്കേസില്‍ കുടുക്കിയെന്ന കുറ്റം ആരോപിച്ച് അറസ്റ്റിലായ സഞ്ജീവ് ഭട്ടിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനായിരുന്നു കീഴ്‌കോടതി ഉത്തരവ്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും ചേര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയും സഞ്ജീവിനെ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റുകയുമാണ് ചെയ്തത്.

അറസ്റ്റിലായിട്ട് രണ്ടാഴ്ച പിന്നിടുകയാണ്. എന്നാല്‍ അറസ്റ്റിന് ശേഷം സഞ്ജീവ് ഭട്ടിനെക്കുറിച്ച് ഒരു വിവരവുമില്ല. ഇന്നെനിക്കു പങ്കുവയ്ക്കാന്‍ വിവരങ്ങളൊന്നുമില്ല. സഞ്ജീവിന്റെ അവസ്ഥയെന്താണെന്ന് എനിക്കറിയില്ല. അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും അറിയുകയോ സംസാരിക്കുകയോ ചെയ്തിട്ട് 12 ദിവസമായി- ശ്വേത ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ച വിഡിയോയില്‍ പറയുന്നു്.
അഭിഭാഷകര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ സഞ്ജീവിനെ കാണാനോ വിവരങ്ങള്‍ തിരക്കാനോ അവസരം ലഭിക്കുന്നില്ല. സെപ്റ്റംബര്‍ 24ന് സഞ്ജീവിനെ കോടതിയില്‍ ഹാജരാക്കും. വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയിലോ പൊലീസ് കസ്റ്റഡിയിലോ വിടാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ അഭിഭാഷകര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
2002ലെ ഗുജറാത്ത് കലാപത്തില്‍ മോദിക്ക് പങ്കുണ്ടെന്നുകാട്ടി സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് സഞ്ജീവ് ഭട്ട് ആയിരുന്നു.

RELATED STORIES

Share it
Top