ഫ്രഞ്ച് ഓപണ്‍ പ്രീക്വാര്‍ട്ടറില്‍ കടന്ന സൈനയും ശ്രീകാന്തും


പാരീസ്: ഫ്രഞ്ച് ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളും കിഡംബി ശ്രീകാന്തും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. മറ്റൊരു പുരുഷ സിംഗിള്‍സില്‍ സായ് പ്രണീത് ജയിച്ച് മുന്നേറിയപ്പോള്‍ സമീര്‍ വര്‍മ പൊരുതിത്തോറ്റു. പുരുഷ സിംഗിള്‍സില്‍ ലോക 22ാം നമ്പര്‍ താരം വോങ് വിങ് കി വിന്‍സെന്റിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലോക ആറാം നമ്പര്‍ താരമായ ശ്രീകാന്ത് തുടക്കം ഗംഭീരമാക്കിയത്. സ്‌കോര്‍ 21-19,21-13.


എന്നാല്‍ ആദ്യ റൗണ്ട് മല്‍സരത്തില്‍ ജപ്പാന്റെ ലോക 37ാം നമ്പര്‍ താരം സയീന കവാക്കമിയെ 21-11, 21-11 എന്ന സ്‌കോറിനാണ് ഇക്കഴിഞ്ഞ ഡെന്‍മാര്‍ക്ക് ഓപണിലെ ഫൈനലിസ്റ്റായ സൈന പരാജയപ്പെടുത്തിയത്. പ്രീക്വാര്‍ട്ടറില്‍ 10ാം നമ്പര്‍ താരമായ സൈന ലോക ഏഴാം നമ്പര്‍ താരം നൊസോമി ഒകുഹാരയെ നേരിടും.ഏഷ്യന്‍ ഗെയിംസ് ജേതാവായ ജൊനാഥന്‍ ക്രിസ്റ്റിയോടാണ് ആവേശകരമായ മല്‍സരത്തിനൊടുവില്‍ സമീര്‍ വര്‍മ കീഴടങ്ങിയത്. മൂന്ന് ഗെയിം പോരാട്ടത്തില്‍ ആദ്യം ഗെയിം നേടിയ ശേഷമാണ് ഇന്തോനീസ്യയുടെ താരത്തോട് സമീര്‍ വര്‍മ തോല്‍വി ഏറ്റുവാങ്ങിയത്. സ്‌കോര്‍ 21-16, 17-21, 15-21.കഴിഞ്ഞയാഴ്ച നടന്ന ഡെന്മാര്‍ക്ക് ഓപണില്‍ ഇതേ എതിരാളിയോട് സമീര്‍ മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ വിജയിച്ചിരുന്നു.
ബ്രസീലിന്റെ യഗോര്‍ കോല്‍ഹയെയാണ് സായ് പ്രണീത് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-13,21-17. അടുത്ത റൗണ്ടില്‍ സമീര്‍ വര്‍മയെ പരാജയപ്പെടുത്തിയ ജൊനാഥന്‍ ക്രിസ്റ്റിയാണ് സായ് പ്രണീതിന്റെ എതിരാളി.

RELATED STORIES

Share it
Top