Flash News

സുരേഷ് ഗോപിക്ക് പിന്നാലെ മോഹന്‍ലാലും; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ആര്‍എസ്എസ് നീക്കം

സുരേഷ് ഗോപിക്ക് പിന്നാലെ മോഹന്‍ലാലും; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ആര്‍എസ്എസ് നീക്കം
X

കോഴിക്കോട്: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആര്‍എസ്എസ് നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍. സംഘ്പരിവാറുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന മോഹന്‍ലാല്‍ അടുത്തകാലത്തായി ആര്‍എസ്എസ് വേദികളില്‍ സജീവമായിരുന്നു. സുരേഷ് ഗോപിക്ക് പിന്നാലെ മോഹന്‍ലാലിനേയും പൊതുരംഗത്ത് സജീവമാക്കി നിര്‍ത്താനുള്ള ശ്രമങ്ങള്‍ അടുത്തകാലത്തായി സജീവമായിരുന്നു. ബ്ലോഗെഴുതിയും പൊതു വിഷയങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തിയും മോഹന്‍ലാല്‍ മാധ്യമങ്ങളിലും സജീവമായി ഇടം പിടിച്ചിരുന്നു. നൂലില്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥി എന്ന വിമര്‍ശനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മോഹന്‍ലാലിന് സാമൂഹിക പ്രവര്‍ത്തകന്‍ എന്ന പരിവേഷം നല്‍കാനുള്ള ശ്രമത്തിലാണ് ആര്‍എസ്എസ്. മോഹന്‍ലാലിന്റെ സമൂഹിക സേവനത്തെ പ്രകീര്‍ത്തിച്ച് കൊണ്ട് കഴിഞ്ഞ ദിവസം നരേന്ദ്രമോദിയും ട്വിറ്ററില്‍ കുറിച്ചിരുന്നു.
സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാന്‍ മോഹന്‍ലാലിനെ സമ്മര്‍ദം ചെലുത്തി വരികയാണ് കേരളത്തിലെ ആര്‍എസ്എസ് നേതൃത്വമെന്ന് പാര്‍ട്ടിക്കുള്ളിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെരാള്‍ഡ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനിടെയാണ് പുതിയ വാര്‍ത്ത. മോഹന്‍ലാലിന്റെ അച്ഛന്‍ വിശ്വനാഥന്‍ നായരുടെയും അമ്മ ശാന്തകുമാരിയുടെയും പേരിലുള്ള വിശ്വശാന്തി ഫൌണ്ടേഷന്റെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് അടക്കമുള്ള പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകള്‍ക്കായി പ്രധാനമന്ത്രിയെ വയനാട്ടിലേക്ക് ക്ഷണിക്കാന്‍ മോഹന്‍ലാല്‍ എത്തിയിരുന്നു. ആര്‍എസ്എസുമായി ചേര്‍ന്നാണ് വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനം.
ഈ കൂടിക്കാഴ്ചയില്‍ എടുത്ത ചിത്രങ്ങളാണ് ഇവ. ഇതിന് തൊട്ടുപിറകെയാണ് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട വാര്‍ത്ത. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിശ്വശാന്തി ഫൌണ്ടേഷന്‍ സംഘ്പരിവാര്‍ ബന്ധമുള്ള സേവാഭാരതിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.
ബിജെപിക്ക് നിയമസഭാ അംഗത്തെ നല്‍കിയ തിരുവനന്തപുരത്ത് മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ആര്‍എസ്എസ് ആലോചന. കുമ്മനം രാജശേഖരനായിരുന്നു തിരുവനന്തപുരം സ്ഥാനാര്‍ത്ഥിക്കായുള്ള പ്രഥമപരിഗണ പട്ടികയില്‍. എന്നാല്‍, അദ്ദേഹം മിസോറാം ഗവര്‍ണറായി നിയമിതനായതോടെയാണ് ആര്‍എസ്എസ് മോഹന്‍ലാലില്‍ എത്തി നില്‍ക്കുന്നത്. അതേസമയം, ഈ വിഷയങ്ങളിലൊന്നും അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത് സംബന്ധിച്ച് എന്തെങ്കിലും പറയനായിട്ടില്ലെന്ന് ബിജെപി സംസ്ഥാന നേതാക്കളും പ്രതികരിച്ചത്.
Next Story

RELATED STORIES

Share it