Flash News

യു എസ് ഓപണ്‍: ഫെഡററിനും ഷറപ്പോവയ്ക്കും അട്ടിമറി

യു എസ് ഓപണ്‍: ഫെഡററിനും ഷറപ്പോവയ്ക്കും അട്ടിമറി
X

ന്യൂയോര്‍ക്: യു എസ് ഓപണിന്റെ പ്രീക്വാര്‍ട്ടറില്‍ രണ്ട് ഞെട്ടിക്കുന്ന അട്ടിമറികള്‍ക്ക് ഇന്നലെ ന്യൂയോര്‍കിലെ ആര്‍തര്‍ ആഷ് സ്റ്റേഡിയം സാക്ഷിയായി. ഗ്രാന്‍സ്ലാം കിരീടത്തില്‍ റെക്കോഡിന്റെ തോഴനായ റോജര്‍ ഫെഡററിനും വിംബിള്‍ഡണും യു എസ് ഓപണും ആസ്‌ത്രേലിയന്‍ ഓപണും ഫ്രഞ്ച് ഓപണും ഉയര്‍ത്തിയ മരിയ ഷറപ്പോവയ്ക്കുമാണ് നാട്ടിലേക്കുള്ള മടക്ക ടിക്കറ്റ് എടുക്കേണ്ടി വന്നത്. അതേസമയം, മുന്‍ യു എസ് ഓപണ്‍ ചാംപ്യന്‍ നൊവാക് ജോക്കോവിച്ചും മരിന്‍ സിലിച്ചും അവസാന എട്ടിലേക്ക് മുന്നേറി.
ലോകം അറിഞ്ഞിരുന്നില്ല ഫെഡററിന് ഇങ്ങനെയൊരു ഞെട്ടലോടെ പുറത്ത് പേകേണ്ടി വരുമെന്ന്. ലോക 55ാം നമ്പര്‍ ആസ്‌ത്രേലിയന്‍ താരം ജോണ്‍ മില്‍മാനാണ് നിലവിലെ ലോക രണ്ടാം നമ്പര്‍ താരത്തെ ക്വാര്‍ട്ടറിലേക്ക് പറഞ്ഞയക്കാതെ തടയിട്ടത്. സ്‌കോര്‍ 6-3,5-7,6-7,6-7. മല്‍സരം അവസാനിക്കാന്‍ മൂന്ന് മണിക്കൂറും 22 മിനിറ്റുമെടുത്തു. മല്‍സരം തിരിച്ചുപിടിക്കാനായി കിണഞ്ഞു ശ്രമിച്ച ഫെഡററിന് നാലാം സെറ്റാണ് വിധിയെഴുതിയത്. ഫെഡററും മില്‍മറും വളരെ വാശിയോടെ പൊരുതിയപ്പോള്‍ ആരാധകര്‍ക്കത് വെറുമൊരു മല്‍സരമായിരുന്നില്ല. ആവേശത്തിന്റെ പോരാട്ടമായിരുന്നു അവര്‍ തെല്ലും ഉറങ്ങാതെ വീക്ഷിച്ചത്. ആദ്യ സെറ്റ് കടുത്ത പോരാട്ടമേതുമില്ലാതെ 6-3ന് സ്വന്തമാക്കിയ ഫെഡറര്‍ രണ്ടാം സെറ്റില്‍ ആസ്‌ത്രേലിയന്‍ താരത്തിന്റെ തനി ടെന്നിസ് പോരാട്ടം തന്നെ മുന്നില്‍ കണ്ടു. എങ്കിലും വിട്ടുകൊടുക്കാന്‍ ഒരുക്കമല്ലാതിരുന്ന ഫെഡറര്‍, പോര് കടുപ്പിച്ചെങ്കിലും അവസാനം തുടര്‍ച്ചയായ രണ്ട് ബ്രേക്ക് പോയിന്റുകള്‍ നേടി മില്‍മര്‍ സെറ്റ് 1-1ന് ഒപ്പമെത്തിച്ചു. രണ്ടാം സെറ്റിലെ തനിയാവര്‍ത്തനം തന്നെ മൂന്നാം സെറ്റിലും പിറന്നതോടെ മല്‍സരം വീണ്ടും ആവേശത്തിമിര്‍പ്പിലായി. 6-6ന് അവസാനിച്ചതോടെ മൂന്നാം സെറ്റ് ടൈബ്രേക്കില്‍ കലാശിച്ചു. എന്നാല്‍ ടൈബ്രേക്കില്‍ കൂടുതല്‍ ഡബിള്‍ ഫോള്‍ട്ട് ഫെഡററിന്റെ റാക്കറ്റില്‍ നിന്ന് പിറവിയെടുത്തപ്പോള്‍ മൂന്നാം സെറ്റ് ഫെഡററിന് നഷ്ടം. നാലാം സെറ്റിലും ഫെഡറര്‍ പൊരുതിയെങ്കിലും വീണ്ടും ടൈബ്രേക്കില്‍ അടിയറവ് വയ്‌ക്കേണ്ടി വന്നു. ഇതോടെ മല്‍സരം 3-1ന് സ്വന്തമാക്കി മില്‍മാന്‍ ക്വാര്‍ട്ടറിലേക്കുളള ടിക്കറ്റെടുത്തു. ക്വാര്‍ട്ടറില്‍ ലോക ആറാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചാണ് മില്‍മാനെ കാത്തിരിക്കുന്നത്. പ്രീക്വാര്‍ട്ടറില്‍ ലോക 68ാം നമ്പര്‍ താരം ജാവോ സോസയെയാണ് ജോക്കോവിച്ച് തോല്‍പിച്ചത്. സ്‌കോര്‍ 6-3,6-4,6-3.
ടൂര്‍ണമെന്റിലെ ഏഴാം സീഡായ മരിന്‍ സിലിച്ച് 10ാം സീഡായ ഡേവിഡ് ഗോഫിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 7-6,6-2,6-4. ജപ്പാന്റെ കെയ് നിഷിക്കോരിയെയാണ് സിലിച്ച് നേരിടുക.
തന്റെ പേരിനൊപ്പം അഞ്ച് ഗ്രാന്‍സ്ലാം കിരീടം കൂട്ടിച്ചേര്‍ത്ത മുന്‍ ലോക ഒന്നാം നമ്പര്‍ താരം മരിയ ഷറപ്പോവ അപ്രതീക്ഷിത അട്ടിമറിയാണ് ഇന്നലെ നേരിട്ടത്. 15 മാസത്തെ ഉത്തേജക വിലക്ക് കഴിഞ്ഞെത്തി ഒടുവില്‍ ലോക 22ാം നമ്പര്‍ സ്ഥാനത്തേക്കുയര്‍ന്ന ഷറപ്പോവ തന്നെക്കാള്‍ രണ്ട് സ്ഥാനം പിന്നിലുള്ള സ്‌പെയിനിന്റെ കര്‍ല സുവാരസ് നവറോയോടാണ് അട്ടിമറി നേരിട്ടത്. സ്‌കോര്‍ 6-4,6-2. ഷറപ്പോവയെ ഒരു സെറ്റ് നേടാന്‍ പോലും അനുവദിക്കാതെയാണ് നവറോ മുട്ടുകുത്തിച്ചത്. 30ാം ജന്‍മദിനനാളില്‍ മുന്‍ യു എസ് ഓപണ്‍ ജേത്രിയെ പരാജയപ്പെടുത്തിയതിന്റെ സന്തോഷത്തിലാണ് സ്പാനിഷ് താരം. ക്വാര്‍ട്ടറില്‍ മാഡിസണ്‍ കീസിനെയാണ് സുവാരസ് നവറൊ നേരിടുക. വനിതകളില്‍ ജപ്പാന്റെ നവോമി ഒസാകയും ക്വാര്‍ട്ടറില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it