ജലസ്രോതസുകള്‍ വറ്റുന്നതിന് കാരണം വരള്‍ച്ചയല്ലെന്ന് പഠനംതിരുവനന്തപുരം: പ്രളയാനന്തരം ജലസ്രോതസുകള്‍ വറ്റുന്നതിന് കാരണം വരള്‍ച്ചയല്ലെന്ന് സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ്. പ്രളയത്തില്‍ ജല സ്രോതസ്സുകളിലെ മണല്‍ ഒലിച്ചുപോയി ആഴം വര്‍ധിച്ചതാണ് കാരണം. കിണറുകളിലെ ജലനിരപ്പ് താഴുന്നത് നദീതടം താഴ്ന്നതിനാലാണെന്ന നിഗമനത്തിലാണ് പഠനത്തില്‍ വ്യക്തമാവുന്നത്. കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ ലഭിച്ചതിന്റെ പത്ത് ശതമാനം ജലം പോലും ഭൂഗര്‍ഭജലമായി ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിന്റെ വിലയിരുത്തല്‍. പ്രളയാനന്തരം നദികളും കിണറുകളും വറ്റുന്ന ഇപ്പോഴത്തെ പ്രതിഭാസം വരള്‍ച്ചയല്ല. പ്രളയജലത്തിന്റെ കുത്തൊഴുക്കില്‍ ജലസ്രോതസ്സുകളുടെ സ്വാഭാവികത നഷ്ടമായതാണ് ജലനിരപ്പ് താഴാന്‍ കാരണം. മണലും എക്കലും ഒഴുകിപ്പോയി നദികളുടെ ജലനിരപ്പ് താഴേക്ക് പോയതിനാല്‍ കിണറുകള്‍ അടക്കമുള്ള ഭൂഗര്‍ഭ ജലസ്രോതസ്സുകളിലെ ജലം താഴേത്തട്ടിലേക്ക് സ്വാഭാവികമായി നീങ്ങും. ഇതാണ് കിണറുകളില്‍ സംഭവിക്കുന്നത്. പെട്ടെന്നുണ്ടാവുന്ന പ്രളയത്തിന്റെ അനന്തരഫലം ഇതൊക്കെത്തന്നെയാണെന്നും ഭൂവിനിയോഗ ബോര്‍ഡ് കമ്മീഷനര്‍ എ നിസാമുദ്ദീന്‍ പറഞ്ഞു. വേനല്‍ കാലത്തേയ്ക്ക് കരുതല്‍ ജലമായി ശേഖരിക്കേണ്ടത് തുലാവര്‍ഷമാണ്. എന്നാല്‍ ഇത്തവണ തുലാവര്‍ഷം കുറവായിരിക്കുമെന്ന് ആശങ്കയുണ്ട്. ചെറിയ മഴ പെയ്താല്‍ പോലും ആ ജലം പാഴാവാതെ ശേഖരിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ നമുക്ക് ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തിനു മുമ്പു തന്നെ ഇതു സംബന്ധിച്ച പഠനം ആരംഭിച്ചിരുന്നു. തിരഞ്ഞെടുത്ത പഞ്ചായത്തുകളിലായിരുന്നു പഠനം നടത്തിയത്. പ്രളയത്തോടെ തോടുകളിലെയും നദികളിലെയും തടയണകള്‍ പലതും ഒലിച്ചുപോയി. ഇതു മൂലം ജലസംഭരണം പൂര്‍ണമായി ഇല്ലാതായി. പ്രളയശേഷം ഭൂഗര്‍ഭ ജലത്തിലുണ്ടായ ശോഷണം സംബന്ധിച്ച പഠനം അതതു പഞ്ചായത്തധികൃതരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അടുത്ത തുലാവര്‍ഷം ആരംഭിക്കുന്നതിനു മുമ്പുതന്നെ തൊഴിലുറപ്പു പദ്ധതിയുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ജലശേഖരണത്തിനുള്ള നടപടികള്‍ അടിയന്തരമായി നടപ്പാക്കണം. തടയണകള്‍ കെട്ടി വെള്ളം കെട്ടിനിര്‍ത്തിയാലേ ഭൂഗര്‍ഭജലം ശേഖരിക്കാനാവുകയുള്ളൂ. കിണര്‍ റീ ചാര്‍ജിങ്ങിന് പദ്ധതി വേണം. കൃത്യമായ ഇടപെടലുകളിലൂടെ തദ്ദേശഭരണ സ്ഥാപനങ്ങളുള്‍പ്പെടെ മഴ വെള്ളം പാഴാവാതെ ശേഖരിക്കാനുള്ള പദ്ധതികള്‍ അടിയന്തരപ്രാധാന്യത്തോടെ ഏറ്റെടുത്ത് നടപ്പാക്കണമെന്നും ഭൂവിനിയോഗ ബോര്‍ഡ് മുന്നറിയിപ്പ് നല്‍കുന്നു.

RELATED STORIES

Share it
Top