സൈന നെഹ്‌വാള്‍ വിവാഹിതയാവുന്നു; വരന്‍ പി കശ്യപ്


ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈനാ നെഹ്‌വാള്‍ വിവാഹിതയാകുന്നതായി റിപോര്‍ട്ട്. ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരമായ പി കശ്യപാണ് വരന്‍. ഒരു പതിറ്റാണ്ട് നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവുന്നത്. ഡിസംബര്‍ 16നായിരിക്കും ഇരുവരുടെ വിവാഹമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന വിവാഹത്തിനുശേഷം ഡിസംബര്‍ 21ന് വിപുലമായ വിവാഹസല്‍ക്കാരം നടക്കും. സൈനയും കശ്യപും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ കുറേക്കാലമായി പ്രചരിച്ചിരുന്നെങ്കിലും ഇരുവരും ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിരുന്നില്ല. സൈന അടുത്ത സുഹൃത്തും ബാഡ്മിന്റണിലെ പരിശീലന പങ്കാളിയുമാണെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് കശ്യപ് ഇതുവരെ മറുപടി നല്‍കിരുന്നത്.
ഒളിംപിക്‌സില്‍ വെങ്കല മെഡലും ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡലും നേടിയിട്ടുള്ള 28കാരിയായ സൈന മുന്‍ ലോക ഒന്നാംനമ്പര്‍ താരമാണ്. 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാവാണ് 32കാരനായ കശ്യപ്. ലോക ആറാം നമ്പര്‍ താരമായിരിക്കെ താരം പരിക്കിന്റെ പിടിയിലാവുകയായിരുന്നു. 2005 മുതല്‍ ഇരുവരും ഹൈദരാബാദിലെ പി ഗോപീചന്ദ് ബാഡ്മിന്റണ്‍ അക്കാദമിയിലാണ് ഒരുമിച്ച് പരിശീലനം നടത്തുന്നത്. ഇടക്കാലത്ത് സൈന ഗോപീചന്ദ് അക്കാദമി വിട്ടിരുന്നുവെങ്കിലും പിന്നീട് തിരിച്ചെത്തി. ഈവര്‍ഷം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ സൈന കശ്യപ് തനിക്ക് എത്രത്തോളം പ്രചോദനമാവുന്നു എന്നു തുറന്നുപറഞ്ഞിരുന്നു. ഒടുവില്‍ ഇരുവരും ജീവിതത്തില്‍ മിക്‌സഡ് ഡബിള്‍സിന് എന്നാണ് ട്വിറ്ററില്‍ ആരാധകര്‍ പ്രിയ താരങ്ങളുടെ വിവാഹവാര്‍ത്തയോട് പ്രതികരിച്ചത്.

RELATED STORIES

Share it
Top