Flash News

റയലിനെ സമനിലയില്‍ കുരുക്കി ബില്‍ബാവോ

റയലിനെ സമനിലയില്‍ കുരുക്കി ബില്‍ബാവോ
X

ബില്‍ബാവോ: സീസണിലെ സ്പാനിഷ് ലാലിഗയില്‍ വിജയത്തുടര്‍ച്ച നടത്തുന്ന സൂപ്പര്‍ ക്ലബ് റയല്‍ മാഡ്രിഡിന് ആദ്യമായി സമനിലപ്പൂട്ട്. അത്‌ലറ്റികോ ബില്‍ബാവോയാണ് റയലിനെ 1-1ന്റെ സമനിലയില്‍ തളച്ചത്.
ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം തിരിച്ചടിച്ചാണ് ജുലന്‍ ലോപെറ്റഗുയിയുടെ റയല്‍ മാഡ്രിഡ് സമനില കണ്ടെത്തിയത്. സമനില വഴങ്ങേണ്ടി വന്ന റയല്‍ ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നാലു കളിയില്‍ നിന്ന് 10 പോയിന്റാണ് അവരുടെ സമ്പാദ്യം. ഒന്നാമതുള്ള ബാഴ്‌സലോണയ്ക്ക് 12 പോയിന്റുകളുണ്ട്.
അത്‌ലറ്റിക്ക് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തിന്റെ 32ാം മിനിറ്റിലാണ് പെരുമയാര്‍ന്ന റയല്‍ പ്രതിരോധത്തെ ഭേദിച്ചുകൊണ്ട് അത്‌ലറ്റികോ മല്‍സരത്തിലെ ആദ്യ ഗോള്‍ നേടിയത്. സ്‌പെയിന്‍ മുന്നേറ്റതാരം ഐകര്‍ മുനിയനായിരുന്നു ആദ്യ ഗോളിന്റെ അവകാശി. താരത്തിന്റെ ക്ലോസ് റേഞ്ചില്‍ നിന്നുള്ള ഷോട്ട് പുതുതായി റയലിലെത്തിയ തിബോട്ട് കോര്‍ട്ടോയിസിന് തടുക്കാവുന്നതിനും അപ്പുറമായിരുന്നു.
അപ്രതീക്ഷിതമായി മല്‍സരത്തില്‍ പിന്നിലാകേണ്ടി വന്നതിന്റെ ഞെട്ടലിലാണ് ആദ്യ പകുതിയില്‍ റയല്‍ മടങ്ങിയത്. രണ്ടാംപകുതിയുടെ തുടക്കത്തിലും റയല്‍ താരങ്ങള്‍ നിറം മങ്ങിയ പ്രകടനം നടത്തിയതോടെ കോച്ച് ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ തുടങ്ങി. 49ാം മിനിറ്റില്‍ കാസമിറോയെ ഇറക്കിയാണ് കോച്ച് ടീമിലെ ആദ്യ പരീക്ഷണത്തിന് മുതിര്‍ന്നത്. തുടര്‍ന്ന് 61ാം മിനുറ്റില്‍ ലൂക്കാ മോഡ്രിച്ചിനെ പിന്‍വലിച്ച് ഇസ്‌കോയെയും കളത്തിലിറക്കി. രണ്ട് മിനിറ്റിന്‌ശേഷം പരീക്ഷണം വിജയകരമായി. പകരക്കാരനായി ഇറങ്ങിയ ഇസ്‌കോ തകര്‍പ്പന്‍ ഗോളിലൂടെ റയലിനെ ഒപ്പമെത്തിച്ചു.ഗാരെത് ബെയ്‌ലിന്റെ ക്രോസിനെ ഇസ്‌കോ ക്ലോസ് റേഞ്ച് ഹെഡറിലൂടെ വലയിലെത്തിച്ചു. മല്‍സരത്തില്‍ ഒപ്പമെത്തിയതോടെ റയല്‍ ആക്രമണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയെങ്കിലും പതറാതെ പിടിച്ചു നിന്ന അത്‌ലറ്റിക്ക് ക്ലബ്ബ് മല്‍സരത്തില്‍ റയലിനെ സമനിലയില്‍ പിടിച്ചു കെട്ടുകയായിരുന്നു.
മല്‍സരത്തിന്റെ ഒടുവില്‍ അത്‌ലറ്റികോ ഗോളി സൈമന്റെ കിടിലന്‍ സേവുകളും റയലിനെ വിജയത്തില്‍ നിന്നും പിന്തിരിപ്പിച്ചു.
Next Story

RELATED STORIES

Share it