Flash News

ലാലിഗയില്‍ അടിതെറ്റി ബാഴ്‌സയും റയലും

ലാലിഗയില്‍ അടിതെറ്റി ബാഴ്‌സയും റയലും
X

മാഡ്രിഡ്്: സ്പാനിഷ് ലാലിഗയില്‍ മുന്‍ ചാംപ്യന്‍മാരായ ബാഴ്‌സലോണയ്ക്കും റയലിനും അടിതെറ്റിയ ദിനമായിരുന്നു വ്യാഴാഴ്ച. സീസണിലെ ലീഗില്‍ അപരാജിതമായി മുന്നേറിയിരുന്ന വമ്പന്‍മാര്‍ കുഞ്ഞന്‍മാരായ ലെഗാെനസിനോടും താരതമ്യേന ദുര്‍ബലരായ സെവിയ്യയോടുമാണ് കീഴടങ്ങിയത്. ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ബാഴ്‌സലോണ അവസാനക്കാരായ ലെഗാനസിനോട് 2-1ന് പരാജയപ്പെട്ടപ്പോള്‍ റയല്‍ മാഡ്രിഡ് സെവിയ്യയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അടിയറവയ്ക്കുകയായിരുന്നു.
ലെഗാനസിന്റെ തട്ടകത്തില്‍ വച്ചാണ് ബാഴ്‌സയ്ക്ക് തോല്‍വിയേറ്റത്. വെറ്ററന്‍ താരങ്ങളായ ലൂയിസ് സുവാരസിനെയും മാല്‍ക്കമിനെയും ജോര്‍ഡി ആല്‍ബയെയും ബെഞ്ചിലിരുത്തി ലയണല്‍ മെസ്സി, എല്‍ ഹദ്ദാദ്ദി, ഉസ്മാനെ ഡെംബലെ ത്രയത്തെ മുന്നില്‍ നിര്‍ത്തിയാണ് കോച്ച് ഏണസ്റ്റോ വാല്‍വെര്‍ഡെ ബാഴ്‌സയെ അണി നിരത്തിയത്. കളിച്ച ശൈലിയാകട്ടെ പേരുകേട്ട 4-3-3.
പന്തടക്കത്തില്‍ ഏറെ മുന്നില്‍ നിന്ന ബാഴ്‌സയ്ക്ക് പക്ഷേ എതിരാളിയുടെ പോസ്റ്റില്‍ നിരന്തരം ഷോട്ടുതിര്‍ത്ത് കരുത്ത് തെളിയിക്കാന്‍ കഴിയാതെ പോയതാണ് വിനയായത്.
ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ലെഗാനെസ് ബാഴ്‌സയെ വരിഞ്ഞുമുറുക്കിയത്. 12ാം മിനിറ്റില്‍ മെസ്സിയുടെ അസിസ്റ്റില്‍ ഫിലിപ്പ് കോട്ടീഞ്ഞോയുടെ ഗോളില്‍ ബാഴ്‌സയാണ് മല്‍സരത്തില്‍ അക്കൗണ്ട് തുറന്നത്. എന്നാല്‍ രണ്ടാം പകുതില്‍ ലെഗാനെസ് ബാഴ്‌സയെ ഞെട്ടിച്ചു. അടുത്തടുത്ത മിനിറ്റുകളില്‍ ഇരട്ടഗോള്‍ നേടിയാണ് ലോക രാജാക്കന്‍മാര്‍ക്ക് ലെഗാനസ് മറുപടി നല്‍കിയത്. 52ാം മിനിറ്റിലും 53ാം മിനിറ്റിലും അവര്‍ ബാഴ്‌സയുടെ വല ചലിപ്പിച്ചു. നബീല്‍ എല്‍ സാഹാറും ഓസ്‌കാറുമാണ് ഗോള്‍ സ്‌കോറര്‍മാര്‍. ബാഴ്‌സയുടെ പ്രതിരോധ താരം ജെറാര്‍ഡ് പിക്വെ വരുത്തിയ അബദ്ധത്തില്‍ നിന്നായിരുന്നു ഓസ്‌കാറിന്റെ ഗോള്‍. 2-1ന് പിന്നിലായതോടെ സമനിലയ്ക്ക് വേണ്ടി എതിര്‍ പോസ്റ്റിലേക്ക് നിരന്തരം പന്തെത്തിച്ച ബാഴ്‌സയ്ക്ക് പക്ഷേ ലെഗാനസ് പ്രതിരോധക്കോട്ട പൊളിക്കാനായില്ല. ആകെ ലഭിച്ച അവസരം ഇരട്ട സേവുകളിലൂടെ ലെഗാനസ് ഗോള്‍കീപ്പര്‍ തട്ടിയകറ്റുകയും ചെയ്തു.
ബാഴ്‌സലോണയെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരമാണ് ബാഴ്‌സയ്ക്ക് ശേഷം സെവിയ്യന്‍ മൈതാനത്തിറങ്ങിയ റയല്‍ കളഞ്ഞുകുളിച്ചത്. പരാജയപ്പെട്ടതാവട്ടെ, എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക്. ഇരട്ടഗോളുകള്‍ നേടിയ പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ആന്‍ന്ദ്രെ സില്‍വയാണ് റയലിന് നാണക്കേടിന്റെ രാവ് സമ്മാനിച്ചത്. മല്‍സരത്തിലെ ആദ്യ പകുതിയില്‍ മൂന്ന് ഗോളുകള്‍ വഴങ്ങിയ റയലിന് രണ്ടാം പകുതിയില്‍ തിരിച്ചടിക്കാന്‍ ഒട്ടനവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഫിനിഷിങിലെ പാളിച്ച വില്ലനാവുകയായിരുന്നു.
മല്‍സരത്തിലെ ഏഴാം മിനിറ്റില്‍ സില്‍വയിലൂടെ മുന്നിലെത്തിയ സെവിയ്യ 21ാം മിനിറ്റില്‍ താരത്തിലൂടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇതോടെ ഉണര്‍ന്ന് കളിച്ച റയലിന് പക്ഷേ മൂന്നാം പ്രഹരവും നേരിടേണ്ടി വന്നു. കളിയിലെ 39ാം മിനിറ്റില്‍ കഴിഞ്ഞ കളിയില്‍ ഹാട്രിക് നേടിയ വിസ്സാം ബെന്‍ യെഡ്ഡര്‍ കൂടി ലക്ഷ്യം കണ്ടതോടെ റയല്‍ പരാജയം മണത്തു. റയല്‍ മാഡ്രിഡിന്റെ സീസണിലെ ആദ്യ പരാജയമാണിത്. പരാജയപ്പെട്ടെങ്കിലും ലീഗ് പട്ടികയില്‍ ഇരു ടീമുകളുടെയും ആദ്യ രണ്ട് സ്ഥാനം തെറിച്ചില്ല. ആറു കളികള്‍ പൂര്‍ത്തിയാക്കിയ ബാഴ്‌സയ്ക്കും റയലിനും 13 പോയിന്റ് വീതമുണ്ട്. ഗോള്‍ ശരാശരിയുടെ പിന്‍ബലത്തില്‍ ബാഴ്‌സയാണ് ഒന്നാമത്.
Next Story

RELATED STORIES

Share it