Flash News

എലിപ്പനി സംസ്ഥാനത്ത് ഭയക്കേണ്ട സാഹചര്യമില്ല: മൂന്നാഴ്ച കൂടി കരുതല്‍ വേണം-ആരോഗ്യമന്ത്രി

എലിപ്പനി സംസ്ഥാനത്ത് ഭയക്കേണ്ട സാഹചര്യമില്ല: മൂന്നാഴ്ച കൂടി കരുതല്‍ വേണം-ആരോഗ്യമന്ത്രി
X
കോഴിക്കോട്: സംസ്ഥാനത്ത് എലിപ്പനി രോഗബാധയെക്കുറിച്ച് ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്നലെ എലിപ്പനിയാണെന്ന് സംശയിക്കപ്പെടുന്ന ഒരു മരണം പത്തനംതിട്ടയിലും സ്ഥിരീകരിച്ച ഒരു മരണം തിരുവനന്തപുരത്തും ഉണ്ടായി. ആഗസ്റ്റ് 15 മുതല്‍ 45 സംശയാസ്പദ മരണവും 13 എലിപ്പനി മരണവുമാണ് ഉണ്ടായത്. ജനുവരി ഒന്നു മുതലുള്ള കണക്കനുസരിച്ച് സ്ഥിരീകരിച്ച മരണം 43 ഉം സംശയാസ്പദമരണം 85 ഉം ആണ്.


പ്രളയത്തിനു ശേഷം വെള്ളമിറങ്ങുന്ന സമയത്ത് എലിപ്പനി പടര്‍ന്നുപിടിക്കുമെന്ന് മുന്‍കൂട്ടി മനസിലാക്കി ആരോഗ്യ വകുപ്പ് നടപടികള്‍ സ്വീകരിച്ചതു കൊണ്ടാണ് എലിപ്പനി മൂലമുണ്ടായ മരണം കുറയ്ക്കാന്‍ സാധിച്ചത്. 75,33,000 ഗുളികകളാണ് സംസ്ഥാനത്ത് ആകെ വിതരണം ചെയ്തത്. ഇനിയും ആവശ്യത്തിന് ഗുളികകള്‍ സ്‌റ്റോക്ക് ഉണ്ട്. വിവിധ ആശുപത്രികളിലും ക്ലിനിക്കുകളിലുമായി 83,000 ഗുളികകളും വെയര്‍ഹൗസുകളില്‍ 13 ലക്ഷം ഗുളികകളും ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ 15 ലക്ഷം ഗുളികകളും ഉണ്ട്. കൂടുതല്‍ ആവശ്യമെങ്കില്‍ ശേഖരിക്കും.
പ്രളയത്തെത്തുടര്‍ന്ന് പതിനായിരക്കണക്കിനാളുകളാണ് ചളിവെള്ളവുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെട്ടത്. രോഗം പടരാന്‍ ഇത്രയധികം സാധ്യതകളുണ്ടായിട്ടും ആയിരത്തില്‍ താഴെ മാത്രം ആളുകളിലേ രോഗബാധ സംശയിക്കപ്പെട്ടുള്ളൂ. ഇനി കൂടുതല്‍ രോഗബാധ ഉണ്ടാകാന്‍ സാധ്യത വിരളമാണെന്നും മന്ത്രി പറഞ്ഞു. പ്രതിരോധ നടപടികളില്‍ ഐസിഎംആര്‍ പോലുള്ള വിദഗ്ധ ടീമുകളുടെ സഹകരണം ലഭിച്ചു. വിദഗ്ധ പഠനങ്ങളും അവലോകനങ്ങളും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. എന്നാല്‍ വരുന്ന രണ്ടു മൂന്ന് ആഴ്ചക്കാലം ഇതേ ശ്രദ്ധ തുടരേണ്ടി വരും.
വെള്ളം മലിനമാകുന്നതിന്റെ ഭാഗമായി മലേറിയ, മഞ്ഞപിത്തം, കോളറ തുടങ്ങിയ മറ്റ് പകര്‍ച്ച വ്യാധികള്‍ ഉണ്ടാകാനും സാധ്യത ഉണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ വകുപ്പ് ജാഗ്രത പുലര്‍ത്തുന്നുണ്ട്. ചുരുക്കം ചില സ്ഥലങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനെതിരെയും ജാഗ്രത പുലര്‍ത്തണമെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. മരുന്നുകളുടെ ദൗര്‍ലഭ്യം ഒരിടത്തുമില്ല. മരുന്നു ദൗര്‍ലഭ്യം എവിടെയെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ പരിഹരിക്കും. എലിപ്പനിയാണെന്ന് സംശയം തോന്നിയാല്‍ രക്തപരിശോധനയ്ക്ക് കാത്തു നില്‍ക്കാതെ തന്നെ ചികിത്സ ആരംഭിക്കുകയാണ് പതിവെന്നും അതിനാലാണ് രോഗബാധ മൂലമുള്ള മരണങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it