റെവാരി പീഡനം: ഡോക്ടര്‍ അറസ്റ്റില്‍; സൈനികനായി തിരച്ചില്‍ തുടരുന്നു

ചണ്ഡീഗഡ്: ഹരിയാനയിലെ റെവാരിയില്‍ കോളജ് വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിയായ ഡോക്ടറെക്കൂടി അറസ്റ്റ് ചെയ്തതായി പോലിസ്. കേസിലെ മുഖ്യ പ്രതിയായ നിഷു കുറ്റകൃത്യം നടത്തുന്നതിനിടെ ഡോക്ടറായ സഞ്ചീവിനെ ബന്ധപ്പെട്ടിരുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതോടെയാണ് മുഖ്യ പ്രതിയായ നിഷു ഡോക്ടറെ സമീപിച്ചതെന്ന് പോലിസ് ഉദ്യോഗസ്ഥനായ നന്‍സീന്‍ ഭാസിന്‍ പറഞ്ഞു. നാസ്‌നിന്‍ ഭാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
സഞ്ചീവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് 19കാരിയായ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. മുഖ്യ പ്രതികളെ സഹായിച്ചതിനു പുറമേ ഇയാളും പെണ്‍കുട്ടിയെ പീഡിപ്പിച്ചിരിക്കാന്‍ സാധ്യതയുള്ളതായി പോലിസ് പറഞ്ഞു.


സൈനികനായ മനീഷ് പങ്കജ്, ദീന്‍ദയാല്‍ എന്നിവരും കേസിലെ പ്രതികളാണ്. പീഡനം നടക്കുമ്പോള്‍ സംഭവസ്ഥലത്ത് ഡോക്ടറുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. നിഷുവിനെ പോലിസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സൈനികനടക്കമുള്ള രണ്ടു പ്രതികള്‍ക്കായി പോലിസ് തിരച്ചില്‍ തുടരുകയാണ്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം ലഹരി കലര്‍ന്ന പാനീയം നല്‍കിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ഇവര്‍ കൂട്ടബലാല്‍സംഗം ചെയ്യുകയായിരുന്നെന്ന് പോലിസ് അറിയിച്ചു. കഴിഞ്ഞ ബുധാനാഴ്ചയായിരുന്നു സംഭവം.
പ്രതികളെ തൂക്കിലേറ്റണമെന്ന് പെണ്‍കുട്ടിയുടെ മാതാവ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ജില്ലാ ഭരണകൂടം ശനിയാഴ്ച കൈമാറിയ രണ്ടു ലക്ഷം രൂപയുടെ ചെക്ക് തിരിച്ചുകൊടുക്കുമെന്നും പെണ്‍കുട്ടിയുടെ കുടുംബം അറിയിച്ചു. ഇരകള്‍ക്കുള്ള നഷ്ടപരിഹാരം പദ്ധതി പ്രകാരമാണ് ചെക്ക് നല്‍കിയിരുന്നത്. ചെക്ക് കുടുംബത്തിന് വേണ്ടെന്നു പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

RELATED STORIES

Share it
Top