ബ്രൂവറി ഡിസ്റ്റലറി ഇടപാടിന് പിന്നില്‍ ബിനാമി കമ്പനികള്‍: രമേശ് ചെന്നിത്തല


തിരുവനന്തപുരം: ഡിസ്റ്റലറി ബ്രൂവറി ഇടപാടിന് പിന്നില്‍ ബിനാമി കടലാസ് കമ്പനികളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രഥമ ദൃഷ്ട്യ ഈ ഇടപാടില്‍ അഴിമതിയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ബഌക്ക് ലിസ്റ്റില്‍ പെട്ട ശ്രീ ചക്ര ഡിസ്റ്റലറീസിനും, വ്യാജ മേല്‍വിലാസമുള്ള പവര്‍ ഇന്‍ഫ്രാടെകിനും സര്‍ക്കാര്‍ അനുമതി നല്‍കിയത്. വലിയ അഴിമതിയുടെ പിന്നാമ്പുറ കഥകളാണ് ഇതിലൂടെ പുറത്ത് വരുന്നത്.
1999 ന് ശേഷം വിവിധ സര്‍ക്കാരുകള്‍ തുടര്‍ന്ന് വന്ന നയങ്ങളും ചട്ടങ്ങളും ഒന്നാകെ തള്ളിക്കളഞ്ഞ് പിണറായി വിജയനും ടി പി രാമകൃഷ്ണനും, നേരിട്ട് നടത്തിയ ബ്രൂവറി ഇടപാടില്‍ കോടികള്‍ കൈമറിഞ്ഞിട്ടുണ്ടെന്ന് ഇപ്പോള്‍ വ്യക്തമായി. പെട്ടിക്കട പോലും തുടങ്ങാന്‍ സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്കാണ് ഡിസ്റ്റലറിയും, ബ്രൂവറികളും സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഇവര്‍ ബിനാമികളാണെന്ന് വ്യക്തമാവുകയാണ്. പിന്നില്‍ പണച്ചാക്കുകളാണ് അണി നിരന്നിരിക്കുന്നത്. ഇവരില്‍ നിന്നും എത്ര കോടി കിട്ടിയെന്ന് വ്യക്തമാക്കണം. കേരളം കണ്ട ഏറ്റവും വലിയ ക്രമക്കേടാണ് സര്‍ക്കാരിന്റെ ഡിസ്റ്റലറി ബ്രൂവറി ഇടപാട്.
ഒരു വന്‍ അഴിമതി നടന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ രേഖകള്‍ സഹിതം പുറത്ത് കൊണ്ടുവന്നിരിക്കുന്നത്. മന്ത്രി സഭയുടെ പരിഗണനക്ക് അയക്കണമെന്ന ഉദ്യേഗസ്ഥരുടെ ശുപാര്‍ശ മറികടന്നാണ് മന്ത്രി ഏഴ് മാസം ഫയല്‍ സ്വന്തം ഓഫീസില്‍ പിടിച്ച് വച്ചത്. ഇത് ദുരൂഹത ഉണര്‍ത്തുന്നതാണ്. ഇതിന്റെ പിന്നില്‍ പാര്‍ട്ടിക്ക് കൂടി പങ്കുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. നിയമങ്ങളും, ചട്ടങ്ങളും കാറ്റില്‍ പറത്തിയുള്ള ഈ ഇടപാടിനെതിരായ പോരാട്ടം ഇവിടെ അവസാനിക്കുന്നില്ല. അന്വേഷണത്തിന് ഉത്തരവിട്ടില്ലങ്കില്‍ അതിനായി നിയമ പോരാട്ടം തുടങ്ങും. ആരോപണ വിധേയരായ മുഖ്യമന്ത്രിക്കും, എക്‌സൈസ് മന്ത്രിക്കും എതിരെ അന്വേഷണത്തിന് അനുമതി തേടിയ സാഹചര്യത്തില്‍ ഗവര്‍ണ്ണറുടെ മറുപടിക്കായി കാക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

RELATED STORIES

Share it
Top