ഭക്തരുടെ സ്വാതന്ത്ര്യത്തിനു തടസ്സമായ ആചാരങ്ങള്‍ തിരുത്തണം: പുകസതൃശൂര്‍: ഭക്തരുടെ ആരാധനാ സ്വാതന്ത്ര്യത്തിന് തടസ്സമുണ്ടാക്കുന്ന ആചാരങ്ങള്‍ തിരുത്തണമെന്ന് പുരോഗമനകലാസാഹിത്യസംഘം. പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിച്ച് ആരാധന നടത്തണമെന്നത് നീണ്ടകാലത്തെ ആവശ്യമാണ്. ഇതിന്റെ പേരില്‍ ആ ക്ഷേത്രത്തില്‍ പലപ്പോഴും അസ്വസ്ഥതകളും സംഘര്‍ഷങ്ങളും ഉണ്ടായിട്ടുണ്ട്. സുപ്രീം കോടതി വസ്തുതകള്‍ പരിശോധിച്ചും പഠിച്ചും ഭക്ത സ്ത്രീകള്‍ക്ക് അനുകൂലമായി പ്രഖ്യാപിച്ച വിധി നടപ്പാക്കുവാന്‍ സംസ്ഥാന സര്‍ക്കാരിന് മാത്രമല്ല നീതിബോധത്തില്‍ വിശ്വസിക്കുന്ന മുഴുവന്‍ ജനങ്ങള്‍ക്കും ബാധ്യതയുണെന്ന് ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍ പറഞ്ഞു.
ആര്‍ത്തവം എന്ന ജീവദായകമായ ശാരീരികാവസ്ഥ ഉള്ളതുകൊണ്ട് സ്ത്രീ അശുദ്ധയാണ്, രണ്ടാംകിട ജന്മമാണ് എന്നമട്ടില്‍ കേരളത്തില്‍ നടക്കുന്ന പ്രചാരണത്തെ സംഘം ശക്തമായി അപലപിച്ചു. സ്ത്രീ സ്വാതന്ത്ര്യത്തിനും ആരാധനാ സ്വാതന്ത്ര്യത്തിനും എതിരായി തങ്ങളുടെ വളണ്ടിയര്‍മാരെ തെരുവിലിറക്കി ചില രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന സമരാഭാസങ്ങള്‍ കേരളീയ സമൂഹം തള്ളിക്കളയും എന്നുറപ്പാണ്. വളണ്ടിയര്‍മാരെ തെരുവില്‍ ഇറക്കിയിരിക്കുന്ന ബിജെപി, കോണ്‍ഗ്രസ് പോലെയുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ കേന്ദ്ര നേതൃത്വങ്ങള്‍ സ്ത്രീ പ്രവേശന വിഷയത്തില്‍ അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കേരളത്തില്‍ അവര്‍ കാണിക്കുന്നത് വിലകെട്ട രാഷ്ട്രീയ അടവുതന്ത്രം മാത്രമാണ്.
പ്രളയകാലത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം വീണ്ടെടുത്ത മതേതര ജനാധിപത്യ ഐക്യം ഉപയോഗിച്ചുകൊണ്ട് നവോഥാനത്തിനും കേരളീയതക്കും എതിരായ വെല്ലുവിളികളെ നേരിടണമെന്ന് അശോകന്‍ ചരുവില്‍ അഭ്യര്‍ത്ഥിച്ചു.

RELATED STORIES

Share it
Top