അര്‍ണബ് ഗോസ്വാമിക്കെതിരേ പോപ്പുലര്‍ഫ്രണ്ട് എന്‍ബിഎസ്എയില്‍ പരാതി നല്‍കി


കോഴിക്കോട്: റിപ്പബ്ലിക് ടിവി ചാനല്‍ ചര്‍ച്ചയില്‍ കേരളത്തെ അപമാനിച്ച റിപബ്ലിക്ക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരേ പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യാ സംസ്ഥാന സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിക്ക് (എന്‍ബിഎസ്എ) പരാതി നല്‍കി. മലയാളികളെ അപമാനിക്കുന്നതും പത്രപ്രവര്‍ത്തന മൂല്യങ്ങള്‍ക്ക് എതിരായുള്ള നീക്കവുമാണ് അര്‍ണബ് നടത്തിയതെന്ന് ആരോപിച്ചാണ് പോപുലര്‍ഫ്രണ്ട് എന്‍ബിഎസ്എയെ സമീപിച്ചിരിക്കുന്നത്. എന്‍ബിഎസ്എ വ്യവസ്ഥ പ്രകാരം ആദ്യ പരാതി ചാനല്‍ ബ്രോഡ്കാസ്റ്റര്‍ക്കാണ് നല്‍കേണ്ടത്. ഇപ്രകാരം ചാനല്‍ ബ്രോഡ്കാസ്റ്റര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഏഴ് ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കില്‍ രണ്ടാംഘട്ട പരാതി നല്‍കുമെന്നും സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
ഓഗസ്റ്റ് 25ന് 'കേരളം കള്ളം പറയുന്നു' എന്ന തലക്കെട്ടില്‍ റിപ്പബ്ലിക് ടിവിയില്‍ നടത്തിയ ചര്‍ച്ചയിലാണ് അര്‍ണബ് ഗോസ്വാമി മലയാളികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയത്. ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും ലജ്ജയില്ലാത്ത ജനക്കൂട്ടമെന്നായിരുന്നു ഗോസ്വാമിയുടെ പരാമര്‍ശം. കേന്ദ്ര സര്‍ക്കാറിന്റെ മെഗാഫോണ്‍ ആയി പ്രവര്‍ത്തിക്കുന്ന അര്‍ണബ് ഗോസ്വാമിയും ചാനലും യുഎഇ വാഗ്ദാനം ചെയ്ത 700 കോടി രൂപയുടെ സഹായം വ്യാജ വാര്‍ത്തയാണെന്ന് സമര്‍ത്ഥിക്കാനാണ് ചര്‍ച്ച നടത്തിയതെന്ന് അന്ന് തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ആരുടെയോ ഫണ്ട് സ്വീകരിച്ച് സ്വന്തം രാജ്യത്തിന് എതിരായാണ് ഇക്കൂട്ടര്‍ പ്രവര്‍ത്തിക്കുന്നതെന്നും അര്‍ണബ് മലയാളികള്‍ക്കെതിരേ അധിക്ഷേപം നടത്തി.

RELATED STORIES

Share it
Top