പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലും കാവിവല്‍ക്കരണം; വിദ്യാര്‍ഥികള്‍ പ്രതിഷേധത്തില്‍

പോണ്ടിച്ചേരി: പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍ അധികൃതരുടെ കാവിവല്‍ക്കരണ നടപടികള്‍ക്കെതിരേ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്ത്. ബിജെപി ആശയങ്ങള്‍ നേരത്തെ കാംപസില്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപണമുണ്ടായിരുന്നു. ഇത് സത്യമാണെന്നു വീണ്ടും തെളിയിക്കുന്ന നടപടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. നാഷണല്‍ അസസ്്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് യൂണിവേഴ്‌സിറ്റിയില്‍ ശ്രീ അരബിന്ദോയുടെ വാക്കുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 'ഹിന്ദു മതം യഥാര്‍ഥ മതമാണ് അതിനാല്‍ അത് എല്ലാവരെയും സ്വീകരിക്കുന്നു' എന്ന വാക്കുകളാണ് കാംപസില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.ഈ ബോര്‍ഡുകള്‍ ഇവിടെ നിന്നു നീക്കം ചെയ്യണമെന്നാവശ്യവുമായി വിദ്യാര്‍ഥികള്‍ രംഗത്തുവരികയും ചെയ്തു. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി കേന്ദ്ര സര്‍വകലാശാലയാണ്. ഇത്തരത്തിലുള്ള സ്ഥാപനങ്ങളില്‍ മതപരമായ വാക്കുകളോ ചിഹ്നങ്ങളോ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഈ ബോര്‍ഡുകള്‍ ഇവിടെ സ്ഥാപിച്ചതെന്ന് എബിവിപി ഒഴികെയുള്ള സംഘടനകള്‍ പറയുന്നുണ്ട്. അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയിട്ടുമുണ്ട്. യൂണിവേഴ്‌സിറ്റി അധികൃതരില്‍ നിന്നു ഇതുപോലുള്ള സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നു പറഞ്ഞപ്പോഴും യൂണിവേഴ്‌സിറ്റി അധികൃതരുടെ പ്രതികരണം ഇതു തന്നെയായിരുന്നു. ആര്‍എസ്എസിന്റെ ഓഫിസാണ് കാംപസെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

RELATED STORIES

Share it
Top