പ്രസവ വാര്‍ഡില്‍ പര്‍ദ ധരിച്ച് കയറിയ പൊലീസുകാരന് സസ്‌പെന്‍ഷന്‍


കൊച്ചി: പ്രസവ വാര്‍ഡില്‍ പര്‍ദ ധരിച്ച് കയറിയ പൊലീസുകാരന് സസ്‌പെന്‍ഷന്‍. കുളമാവ് പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസുകാരനായ നൂര്‍ സമീറിനെ(42) യാണ് ഇടുക്കി എസ്പി കെബി വേണുഗോപാല്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
തൊടപുഴയ്ക്കു സമീപമുള്ള സ്വകാര്യ ആശുപത്രിയുടെ ലേബര്‍ റൂമിലാണ് പര്‍ദ ധരിച്ചെത്തിയ പോലിസുകാരന്‍ കയറിയത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.
പര്‍ദ ധരിച്ച് പ്രസവ വാര്‍ഡിലേയ്ക്ക് കയറിയ ഇയാളെ കണ്ട് സംശയം തോന്നിയ രോഗിയുടെ കൂട്ടിരിപ്പുകാരന്‍ ബഹളം വയ്ക്കുകയായിരുന്നു. ഇതോടെ അയാള്‍ ഇറങ്ങിയോടുകയായിരുന്നു. ഓടി വരുന്നതുകണ്ടു സെക്യൂരിറ്റി തടഞ്ഞു നിര്‍ത്തി മുഖത്തെ തുണി മാറ്റി നോക്കിയപ്പോഴാണ് ആളെ മനസിലായത്. തുടര്‍ന്ന് പൊലീസിനെ വിളിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ സ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നുവെന്നാണ് ആരോപണം.
ആശുപത്രി അധികൃതര്‍ തൊടുപുഴ പൊലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരേ ആള്‍മാറാട്ടത്തിനും വോയറിസത്തിനും കേസെടുത്തു. സംഭവത്തെ തുടര്‍ന്ന് ഇടുക്കി എസ് പി തൊടുപുഴ സിഐയോടു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.

RELATED STORIES

Share it
Top