യുവതി ആഗ്രഹിച്ചത് രാഷ്ട്രീയ പരിഹാരം; വനിതാകമ്മിഷനെ സമീപിച്ചാല്‍ രക്ഷാവലയം തീര്‍ക്കുമെന്നും എം സി ജോസഫൈന്‍


തിരുവനന്തപുരം: സിപിഎം ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരായി പരാതി നല്‍കിയതിലൂടെ യുവതി ആഗ്രഹിച്ചത് രാഷ്ട്രീയ പരിഹാരമാണെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ ജോസഫൈന്‍. സിപിഎം നേതാക്കളെ യുവതി സമീപിച്ചത് ഇതുകൊണ്ടായിരിക്കാം. പ്രശ്‌നപരിഹാരത്തിനു യുവതി വനിതാകമ്മിഷനെ സമീപിച്ചാല്‍ രക്ഷാവലയം തീര്‍ക്കും. ഒരു സമ്മര്‍ദത്തിനും വഴങ്ങില്ലെന്നും അവര്‍ അറിയിച്ചു.
മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി ഓഫിസില്‍ പി.കെ.ശശി തന്നോടു മോശമായി പെരുമാറിയെന്നാണു യുവതി സിപിഎം കേന്ദ്രനേതൃത്വത്തിനു പരാതി നല്‍കിയത്. സംഭവത്തില്‍ ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പോലിസ് മേധാവിയോട് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടു. എന്നാല്‍ സംസ്ഥാന വനിതാ കമ്മിഷന്‍ സംഭവത്തില്‍ ഇടപെടാന്‍ തയ്യാറായിട്ടില്ല. വനിതാ കമ്മീഷന്‍ നിലപാട് വിവാദമാകുന്നതിനിടെയാണു ജോസഫൈന്റെ പ്രതികരണം. ശശിക്കെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ജോസഫൈന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
അതേസമയം, പരാതിയില്‍ പൊലിസ് നിയമോപദേശം തേടി. കേസെടുക്കണം എന്നാവശ്യപ്പെട്ട് കെഎസ്‌യു അടക്കമുള്ള സംഘടനകള്‍ പരാതി നല്‍കിയ സാഹചര്യത്തിലാണ് പോലിസ് നിയമോപദേശം തേടിയത്. യുവതി പരാതി നല്‍കാത്തതിനാല്‍ കേസെടുക്കാനാകുമോയെന്നാണ് പരിശോധിക്കുന്നത്. യുവജന സംഘടനകളുടെ പരാതികള്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ തൃശൂര്‍ റേഞ്ച് ഐജിക്കു കൈമാറി.

RELATED STORIES

Share it
Top