പ്രളയ പുനര്‍നിര്‍മ്മാണ ഫണ്ട് സമാഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയിലേക്ക് തിരിച്ചുതിരുവനന്തപുരം : പ്രളയ പുനര്‍നിര്‍മ്മാണ ഫണ്ട് സമാഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയിലേക്ക് തിരിച്ചു. അബൂദബി, ദുബൈ, ഷാര്‍ജ എന്നിവിടങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും. കേന്ദ്ര അനുമതി ഇല്ലാത്തതിനാല്‍ മറ്റ് മന്ത്രിമാരുടെ വിദേശയാത്ര റദ്ദാക്കി.
ഇന്ന് പുലര്‍ച്ചെയുള്ള വിമാനത്തിലാണ് മുഖ്യമന്ത്രി യുഎഇയിലേക്ക് തിരിച്ചത്. ഇന്ന് അബൂദബി, 19 ന് ദുബൈ, 20ന് ഷാര്‍ജ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. വൈകിട്ട് ഇന്ത്യന്‍ ബിസിനസ് പ്രൊഫഷണല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ അബുദാബിയിലെ അഞ്ഞൂറോളം വ്യവസായികളെ അഭിസംബോധന ചെയ്യും. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ പ്രവാസികളുടെ സഹകരണം തേടുന്ന മുഖ്യമന്ത്രി അനുയോജ്യമായ പദ്ധതികള്‍ മുന്നോട്ടുവെയ്ക്കും. വ്യാഴാഴ്ച അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും മുഖ്യമന്ത്രി പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യും. മുഖ്യമന്ത്രിക്ക് മാത്രമാണ് വിദേശയാത്രക്ക് അനുമതി. 16 മന്ത്രിമാര്‍ക്കും യാത്രക്ക് വിമാന ടിക്കറ്റു വരെ എടുത്തിരുന്നെങ്കിലും കേന്ദ്രം അനുമതി നിഷേധിക്കുകയായിരുന്നു. യാത്രയുടെ ഉദ്ദേശ്യവും ഫണ്ട് ലഭിക്കേണ്ട ആവശ്യകതയും വ്യക്തമാക്കി ചീഫ് സെക്രട്ടറി ടോം ജോസ് വിദേശകാര്യ സെക്രട്ടറിക്ക് വീണ്ടും കത്തയച്ചെങ്കിലും അനുമതിയില്ലെന്ന മറുപടിയാണ് ലഭിച്ചത്.

RELATED STORIES

Share it
Top