മിശ്രവിവാഹിതക്ക് സാമൂഹിക ബഹിഷ്‌കരണം; അനാഥമായ മൃതദേഹം എസ്ഡിപിഐ പ്രവര്‍ത്തകര്‍ സംസ്‌കരിച്ചുമംഗലാപുരം: അന്യമതസ്ഥനെ വിവാഹം കഴിച്ച സ്ത്രീ വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ മരിച്ചിട്ടും സാമൂഹിക ബഹിഷ്‌കരണം അവസാനിച്ചില്ല. അനാഥമായ മൃതദേഹം എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഹിന്ദു മതാചാരപ്രകാരം സംസ്‌കരിച്ചു. മംഗലാപുരം സിദ്ധാടക താലൂക്ക് കുച്ചിപ്പുഡിയിലെ അഡൂവൂരില്‍ താമസികുന്ന സുശീലാമ്മ (65)യുടെ മൃതദേഹമാണ് സാമൂഹിക ബഹിഷ്‌കരണം മൂലം അനാദമായത്. രാത്രിയായിട്ടും സംസ്‌കാര കര്‍മ്മങ്ങള്‍ നടത്താന്‍ കഴിയാതായതോടെ എസ്ഡിപിഐ-പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇടപെട്ട് സുശീലാമ്മയുടെ മൃതദേഹം ഹിന്ദു മതാചാര പ്രകാരം സംസ്‌കരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സുശീലാമ്മ വാര്‍ധക്യസഹജമായ രോഗങ്ങള്‍ മൂര്‍ച്ഛിച്ച് മരിച്ചത്.

ദിവസങ്ങളോളം മംഗലൂരുവിലെ വെന്‍ലോക്ക് ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്ന സുശീലാമ്മയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനാല്‍ ശനിയാഴ്ച മകളുടെ ഭര്‍ത്താവ് വീട്ടിലേയ്ക്ക് കൊണ്ടുപോയി. എന്നാല്‍ രോഗം മൂര്‍ച്ചിച്ച് വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു.ദരിദ്രരായ സുശീലമ്മയുടെ കുടുംബം അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുവാന്‍ പ്രാദേശിക ഹിന്ദു നേതാകളുടെയും, ബന്ധുക്കളുടെയും സഹായം അഭ്യര്‍ഥിച്ചെങ്കിലും ആരും ഈ കുടുംബത്തോട് സഹകരിക്കുവാന്‍ തയ്യാറായില്ല. അന്യ മതത്തിലെ യുവാവിനെയായിരുന്നു സുശീലമ്മ വിവാഹം കഴിച്ചിരുന്നത്. ഇതാണ് സാമൂഹിക ബഹിഷ്‌കരണത്തിന് കാരണം. രാത്രി ഒമ്പതുമണിയായിട്ടും സംസ്‌കാര കര്‍മ്മങ്ങള്‍ ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍ സുശീലാമ്മയുടെ മക്കള്‍ പ്രദേശിക എസ്ഡിപിഐ-പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകരോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് എസ്ഡിപിഐ ഭാരവാഹികള്‍ പ്രദേശത്തെ ഹിന്ദു നേതാക്കളെ സമീപിച്ചെങ്കിലും ആരും സഹകരിക്കുവാന്‍ സന്നദ്ധരായില്ല. ഒടുവില്‍ സുശീലാമ്മയുടെ മക്കളും, എസ്ഡിപിഐ പ്രവര്‍ത്തകരും ചേര്‍ന്ന് സുശീലാമ്മയുടെ ഭൗതികശരീരം ബദകബൈല്‍ ശ്മശാനത്തിലേക്ക് കൊണ്ടുപോവുകയും അര്‍ഥരാത്രി ഒരുമണിക്ക് ഹൈന്ദവ ആചാരപ്രകാരം സംസ്‌കരിക്കുകയായിരുന്നു.

എസ്ഡിപിഐ മേഖലാ പ്രസിഡന്റ് എ കെ മുസ്തഫ, പോപുലര്‍ഫ്രണ്ട് മേഖലാ പ്രസിഡന്റ്, അഷ്‌റഫ് നദുദ്ദുഡെ, ഭാരവാഹികളായ സൈനുദ്ദീന്‍ പന്തല്‍, ഹക്കിം പന്തല്‍, ജബ്ബാര്‍ കുചിഗുഡെ, അന്‍വര്‍ ഗോളിപാഡ്പു, നസീര്‍ കെലഗിനമനേ, ഷഫീഖ് ഗുഡ്ഡെ, സത്താര്‍, സൗരാസ് ഇമ്രാന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്ത്യകര്‍മ്മങ്ങള്‍ നടന്നത്.

RELATED STORIES

Share it
Top