ഇല്ലാത്ത കാറിന്റെ പേരില്‍ പെന്‍ഷന്‍ നിഷേധിച്ചു; മാനസിക വൈകല്ല്യമുള്ള വിദ്യാര്‍ഥിയുടെ ചികില്‍സയും പഠനവും വഴിമുട്ടി


ചാവക്കാട്: ഇല്ലാത്ത കാറിന്റെ പേരില്‍ മല്‍സ്യതൊഴിലാളിയുടെ മാനസിക വൈകല്ല്യമുള്ള മകന്റെ പെന്‍ഷന്‍ നിഷേധിച്ചു. ഇതോടെ വിദ്യാര്‍ഥിയുടെ ചികില്‍സയും പഠനവും വഴിമുട്ടി. ചാവക്കാട് കടപ്പറം മുനക്കകടവ് രായംമരക്കാര്‍ വീട്ടില്‍ ഹംസ-ജബിത ദമ്പതികളുടെ മകന്‍ മുഹമ്മദ് ആദിലി(12)ന് വര്‍ഷങ്ങളായി ലഭിച്ചു കൊണ്ടിരുന്ന മാനസിക വൈകല്ല്യമുള്ളവരുടെ പെന്‍ഷനാണ് ഇല്ലാത്ത കാറിന്റെ പേരില്‍ നിഷേധിക്കപ്പെട്ടത്. നാലുമാസമായി പെന്‍ഷന്‍ തുക ലഭിക്കാതായതോടെ വീട്ടുകാര്‍ വാര്‍ഡ് മെമ്പര്‍ പി എ അഷ്‌ക്കര്‍അലി മുഖേനെ അന്വേഷിച്ചപ്പോഴാണ് കാര്‍ ഉണ്ടെന്ന കാരണത്താല്‍ മുഹമ്മദ് ആദിലിന്റെ പെന്‍ഷന്‍ മുടങ്ങിയതാണെന്ന വിവരം ലഭിച്ചത്. കുന്ദംകുളം ട്രോപിക്കല്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിയാണ് മുഹമ്മദ് ആദില്‍. മാസം 1200 രൂപ വാടക നല്‍കിയാണ് വാഹനത്തില്‍ സ്‌കൂളിലേക്ക് പോകുന്നത്. കാറിന്റെ പേരില്‍ പെന്‍ഷന്‍ നിഷേധിച്ചതോടെ മുഹമ്മദ് ആദിലിന്റെ പഠനവും ചികില്‍സയും മറ്റും വഴിമുട്ടിയിരിക്കുകയാണ്. ഓരോ മാസവും ലഭിക്കുന്ന പെന്‍ഷന്‍ തുക കൊണ്ടാണ് സ്‌കൂള്‍ വാഹനത്തിന്റെ വാടകയടക്കമുള്ളവ നല്‍കിയിരുന്നതെന്ന് മല്‍സ്യതൊഴിലാളിയായ പിതാവ് ഹംസ പറഞ്ഞു. ഇത്തരത്തില്‍ ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് പലര്‍ക്കും പെന്‍ഷന്‍ നിഷേധിച്ചിരിക്കുകയാണെന്ന് അഷ്‌ക്കര്‍അലി പറഞ്ഞു.

RELATED STORIES

Share it
Top