ഏഷ്യാ കപ്പ്: ആദ്യ മല്‍സരത്തില്‍ ഹോങ്കോങിനെ ചുരുട്ടിക്കൂട്ടി പാക് പട


ദുബയ്: ഏഷ്യാ കപ്പിലെ ഗ്രൂപ്പ് എയില്‍ നടന്ന ആദ്യ മല്‍സരത്തില്‍ താരതമ്യേന ദുര്‍ബലരായ ഹോങ്കോങിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി പാകിസ്താന്‍. ആദ്യം ബാറ്റ് ചെയ്ത ഹോങ്കോങിനെ പാക് ബൗളിങ് പട 116 റണ്‍സിന് പുറത്താക്കിയപ്പോള്‍ മറുപടിക്കിറങ്ങിയ പാകിസ്താന്‍ 23.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുത്ത് വിജയം കാണുകയായിരുന്നു. 19ന് നടക്കുന്ന രണ്ടാം മല്‍സരത്തില്‍ ഇന്ത്യയാണ് പാകിസ്താന്റെ എതിരാളി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹോങ്കോങിന് തകര്‍ച്ചയായിരുന്നു ഫലം. തുടര്‍ച്ചയായ ഇടവേളകളില്‍ അവര്‍ വിക്കറ്റ് വലിച്ചെറിഞ്ഞു. ഐസാസ് ഖാന്‍ (27), കിന്‍ചിറ്റ് ഷാ(26) എന്നിവരാണ് ഹോങ്കോങ്് നിരയിലെ ടോപ്‌സ്‌കോറര്‍മാര്‍. പാകിസ്താന് വേണ്ടി ഉസ്മാന്‍ ഖാന്‍ മൂന്നും ഹസന്‍ അലി, ഷദാബ് ഖാന്‍, എന്നിവര്‍ രണ്ട് വീതം വിക്കറ്റും വിഴ്ത്തി.
ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ നിരയില്‍ ഇമാമുല്‍ ഹഖ് പുറത്താവാതെ അര്‍ധ സെഞ്ച്വറി (50*) കുറിച്ചു. ഷൊഐബ് മാലികും(9) പുറത്താവാതെ നിന്നു. ഫക്കര്‍ സമാന്‍ (24) ബാബര്‍ അസം എന്നിവരാണ് പാകിസ്താന്‍ നിരയില്‍ പുറത്തായ താരങ്ങള്‍. ഇഹ്‌സാന്‍ ഖാനാണ് പാകിസ്താന്റെ രണ്ട് വിക്കറ്റും സ്വന്തമാക്കിയ ഹോങ്കോങ് ബൗളര്‍.

RELATED STORIES

Share it
Top