പോപുലര്‍ ഫ്രണ്ട് പരാതി: പാകൂര്‍ എസ്പിക്കെതിരായ കേസില്‍ ജില്ലാ ജഡ്്ജി മേല്‍നോട്ടം വഹിക്കാന്‍ ഉത്തരവ്

[caption id="attachment_420577" align="alignnone" width="560"] പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പാക്കൂരില്‍ ആള്‍ക്കൂട്ടക്കൊലകള്‍ക്കെതിരേ പ്രതിഷേധിക്കുന്നു[/caption]

റാഞ്ചി: ജാര്‍ഖണ്ഡിലെ പാകൂര്‍ പോലിസ് സൂപ്രണ്ടിനെതിരേ പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഉബൈദുര്‍ റഹ്്മാന്‍ നല്‍കിയ പരാതിയില്‍ ഹൈക്കോടതി ഇടപെടല്‍. കേസില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്(സിജെഎം) സ്വീകരിക്കുന്ന നടപടികള്‍ക്ക് ജില്ലാ ജഡ്്ജി മേല്‍നോട്ടം വഹിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

പാക്കൂര്‍ എസ്പി ശൈലേന്ദ്ര പര്‍ശദ് വര്‍നാവലിനും മറ്റു രണ്ടു പോലിസുകാര്‍ക്കുമെതിരേ നല്‍കിയ ഹരജി പരിഗണിക്കുന്നത് മറ്റേതെങ്കിലും ജില്ലയിലേക്ക് മാറ്റണമെന്നായിരുന്നു ഉബൈദുര്‍ റഹ്്മാന്റെ ആവശ്യം. കേസില്‍ പാക്കൂര്‍ സിജെഎം പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. ഈ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതി നടപടി.

കഴിഞ്ഞ വര്‍ഷം ആദ്യത്തില്‍ പ്രാദേശിക ബിജെപി നേതാവിന്റെ പ്രകോപനപരമായ വാട്ട്‌സാപ്പ് പോസ്റ്റിനെതിരേ പോലിസില്‍ പരാതി നല്‍കിയതുമായി ബന്ധപ്പെട്ടാണ് കേസിന്റെ തുടക്കം. പരാതി അന്വേഷിച്ച പോലിസ് ബിജെപി നേതാവിന് ക്ലീന്‍ ചിറ്റ് നല്‍കി. തുടര്‍ന്ന് വിഷയത്തില്‍ നീതിപൂര്‍വകമായ അന്വേഷണം തേടി പാക്കൂര്‍ എസ്പിക്ക് മെമ്മോറാണ്ടം നല്‍കി.

എന്നാല്‍, പ്രതിക്കെതിരേ നടപടി സ്വീകരിക്കുന്നതിന് പകരം പ്രതിഷേധിച്ച പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത പീഡിപ്പിക്കുകയാണ് പാക്കൂര്‍ എസ്പിയുടെ നേതൃത്വത്തില്‍ പോലിസ് ചെയ്തത്. ഇതിനെതിരേയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ പരാതി നല്‍കിയത്. എന്നാല്‍, സിജെഎം ഇക്കാര്യത്തില്‍ യാതൊരു നടപടികളും സ്വീകരിച്ചില്ലെന്ന് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടി.

ഇതേ തുടര്‍ന്ന്, എസ്പി ശൈലേന്ദ്ര വര്‍നാവല്‍ പോപുലര്‍ ഫ്രണ്ടിനെതിരേ പല പ്രതികാര നടപടികളും സ്വീകരിച്ചതായി പോലിസ് ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. എസ്പിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചത്. എന്നാല്‍, ആറ് മാസത്തിന് ശേഷം ഹൈക്കോടതി നിരോധനം റദ്ദാക്കുകയായിരുന്നു.

പാക്കൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തങ്ങളുടെ മൊഴിയെടുക്കാന്‍ തയ്യാറായില്ലെന്ന് പോപുലര്‍ ഫ്രണ്ട് കുറ്റപ്പെടുത്തുന്നു. പോലിസ് ഉദ്യോഗസ്ഥര്‍ കള്ളക്കേസുകള്‍ കെട്ടിച്ചമയക്കുകയും അന്വേഷണത്തെ തെറ്റായ രീതിയില്‍ സ്വാധീനിക്കുകയും ചെയ്യുന്നതായും സംഘടന ആരോപിച്ചു.

അഡ്വ. കൃപ ശങ്കര്‍ നന്ദയാണ് ഹരജിക്കാരന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്. നിരോധനം പിന്‍വലിക്കപ്പെട്ട ശേഷം സംസ്ഥാനത്ത് സംഘടന നടത്തുന്ന നിയമ പോരാട്ടത്തിന്റെ മറ്റൊരു വിജയമാണ് ഹൈക്കോടതി ഇടപെടലെന്ന് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ പറഞ്ഞു.

MTP

MTP

Our Contributor help bring you the latest article around you


RELATED STORIES

Share it
Top