പി കെ മുഹമ്മദ് കുഞ്ഞി അന്തരിച്ചുകുന്നംകുളം: ഗ്രന്ഥകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന പി കെ മുഹമ്മദ് കുഞ്ഞി (89) അന്തരിച്ചു.
പെരുമ്പിലാവിലെ വീട്ടില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരിക്കെ ഉച്ചക്ക് ഒന്നരയോടെയായിരുന്നു അന്ത്യം. സംസ്‌ക്കാരം തിങ്കളാഴ്ച്ച രാവിലെ 10 ന് പരുവക്കുന്ന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
കൂടല്ലൂര്‍ പള്ളി മഞ്ഞായലില്‍ കുഞ്ഞുമുഹമ്മട്ടിന്റെയും വലിയകത്ത് പാത്തുണ്ണിയുമ്മയുടെയും മകനായി 1929 ലാണ് ജനനം. വന്നേരിയിലായിരുന്നു കുട്ടിക്കാലം. കമ്മ്യൂനിസ്റ്റ് നേതാവും മുന്‍ ഗതാഗത മന്ത്രിയുമായിരുന്ന ഇമ്പിച്ചിബാവയുമായുള്ള സൗഹൃദം അദ്ദേഹത്തെ കമ്മ്യൂനിസ്റ്റ് പാര്‍ട്ടിയുമായി അടുപ്പിച്ചു. 1949ല്‍ സജീവ പാര്‍ട്ടി ബന്ധംവിട്ട മുഹമ്മദ് കുഞ്ഞി ജയകേരളത്തിലെ എഴുത്തിലും കേന്ദ്ര കലാസമിതിയുടെ പ്രവര്‍ത്തനങ്ങളിലും മുഴുകി. സംസ്ഥാന രൂപീകരണത്തിന് ശേഷം നടന്ന 1957 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ കമ്മ്യൂനിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി കൊണ്ടോട്ടിയില്‍ മല്‍സരിച്ച് മുഹമ്മദ് കുഞ്ഞി വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി. മല്‍സരത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായിരുന്ന അഹമ്മദ് കുരിക്കളോട് പരാജയപ്പെട്ടു. ഇ എം എസിന്റെ നിര്‍ബന്ധത്തിന് വഴങ്ങി അദ്ദേഹം ദേശാഭിമാനിയില്‍ ചേര്‍ന്നു. 1964ല്‍ കമ്മ്യൂനിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതോടെ അദ്ദേഹം പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍വാങ്ങി. സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെ അക്കാദമികളില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചു. മരിക്കുന്നത് വരെ സ്വതന്ത്ര മണ്ഡപം പത്രാധിപ സമിതി അംഗമായി പ്രവര്‍ത്തിച്ചു. പി എ സെയ്ത് മുഹമ്മദ് സ്മാരക അവാര്‍ഡ്, സി എച്ച് സ്മാരക അവാര്‍ഡ്, എം കെ രാജ അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
അറിബിഭാഷ സാഹിത്യ ചരിത്രം, ബൊക്കേച്യവും പിന്‍ഗാമികളും: അന്വേഷണവും കണ്ടെത്തലും, മുസ്ലിങ്ങളും കേരള സംസ്‌കാരവും, പതിനൊന്ന് മഹാകവികള്‍, അല്‍ അമീന്‍, മുണ്ടശ്ശേരി-വ്യക്തിയും കൃതികളും, കത്യാടെ കത്ത്, വൈകി വന്നവള്‍, ഇമ്മീം മോളും, അപമാനിതര്‍ തുടങ്ങി ഒട്ടേറെ കൃതികള്‍ രചിച്ചിട്ടുണ്ട്.
ജമീലയാണ് ഭാര്യ. മുഹമ്മദ് സഗീര്‍, പരേതരായ അബൂബക്കര്‍, റെയ്ഹാന, സുഹ്‌റ എന്നിവരാണ് മക്കള്‍.

RELATED STORIES

Share it
Top