ലോംഗ് മാര്‍ച്ച് ഒഴിവാക്കാന്‍ തിരക്കിട്ട നീക്കം, നഴ്‌സുമാരുടെ ശമ്പളവിജ്ഞാപനം പുറത്തിറക്കിതിരുവനന്തപുരം : നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു. ലേബര്‍ കമ്മീഷണര്‍ എ അലക്‌സാണ്ടര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ മിനിമം വേതനം 20000 രൂപ ആക്കിയിട്ടുണ്ടെങ്കിലും അലവന്‍സുകളില്‍ കരടു വിജ്ഞാപനത്തിലുള്ളതിനേക്കാള്‍ കാര്യമായി കുറവുവരുത്തിയിട്ടുണ്ട്.
ഉത്തരവ് ഉടന്‍ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നിലപാട് കടുപ്പിച്ചതോടെയാണ് സമരം ഒഴിവാക്കാന്‍ സര്‍ക്കാര്‍ തിരക്കിട്ട നീക്കങ്ങള്‍  ആരംഭിച്ചത്.  അത്യാഹിത വിഭാഗങ്ങളടക്കം സ്തംഭിപ്പിച്ചുകൊണ്ട് നാളെമുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ സമരം ഒഴിവാക്കാന്‍ ശമ്പളപരിഷ്‌കരണ അന്തിമ വിജ്ഞാപനം ഇന്നു തന്നെ പുറത്തിറക്കുകയായിരുന്നു സര്‍ക്കാര്‍. പതിനായിരത്തോളം നഴ്‌സുമാര്‍ നാളെ ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ നിന്ന്  സെക്രട്ടേറിയറ്റിലേയ്ക്ക് ലോങ് മാര്‍ച്ച് ആരംഭിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതിനിടെ സമരം നിരോധിച്ച  ഉത്തരവ് നിലനില്‍ക്കെയുള്ള പണിമുടക്കിനെതിരെ മാനേജ്‌മെന്റ് അസോസിയേഷന്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുവാനൊരുങ്ങുകയാണ്. മിനിമം വേതനം 20000 രൂപയാക്കി മാര്‍ച്ച് 31 നുമുമ്പ് അന്തിമ വിജ്ഞാപനം പുറത്തിറക്കുമെന്നണ് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നത്. എന്നാല്‍ മാനേജ്‌മെന്റുകള്‍ കോടതിയില്‍ പോയതോടെ വിജ്ഞാപനം വൈകി. നിയമ തടസങ്ങള്‍ നിലവിലില്ലാത്ത സാഹചര്യത്തിലും ഉത്തരവ് പുറത്തിറക്കാത്ത സാഹചര്യത്തിലാണ് നഴ്‌സുമാര്‍ ലോങ് മാര്‍ച്ചും അനിശ്ചിതകാലസമരവും പ്രഖ്യാപിച്ചത്. ആയിരക്കണക്കിന് നഴ്‌സുമാര്‍, കൂടുതലും വനിതകള്‍ പങ്കെടുക്കുന്ന മാര്‍ച്ച്്് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കടുത്ത ക്ഷീണമാകുമെന്ന് കണ്ടാണ് ശമ്പളപരിഷ്‌കരണ അന്തിമ വിജ്ഞാപനം സര്‍ക്കാര്‍ ഇന്നു തന്നെ പുറത്തിറക്കിയത്.
വിജ്ഞാപനം വിശദമായി പരിശോധിച്ച ശേഷം സമരം പിന്‍വലിക്കുന്നതിനെ സംബന്ധിച്ച് തീരുമാനിക്കുമെന്നാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചത്.

RELATED STORIES

Share it
Top