Flash News

യു എസ് ഓപണില്‍ ജോക്കോവിച്ച് സെമിയില്‍, മരിന്‍ സിലിച്ച് പുറത്ത്

യു എസ് ഓപണില്‍ ജോക്കോവിച്ച് സെമിയില്‍, മരിന്‍ സിലിച്ച് പുറത്ത്
X

ന്യൂയോര്‍ക്: 20 തവണ ഗ്രാന്‍സ്ലാം കിരീടം സ്വന്തമാക്കിയ റോജര്‍ ഫെഡററിനെ യുഎസ് ഓപണിന്റെ പ്രീക്വാര്‍ട്ടറില്‍ അട്ടിമറിച്ച ആസ്‌ത്രേലിയയുടെ ജോണ്‍ മില്‍മാന് പക്ഷേ ക്വാര്‍ട്ടറില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞില്ല.
ജോക്കോയെ കീഴ്‌പ്പെടുത്താനുളള സര്‍വ്വതന്ത്രങ്ങളും തയ്യാറാക്കി ന്യൂയോര്‍കിലെ ആര്‍തര്‍ ആഷ് സ്റ്റേഡിയത്തിലിറങ്ങിയ മില്‍മാന് തെറ്റി. ഫെഡററിന്റെ റാക്കറ്റില്‍ നിന്ന് പിറന്ന പിഴവുകള്‍ വീഴാതിരിക്കാന്‍ ശ്രദ്ധയോടെ കളിച്ച ജോക്കോവിച്ചിന്റെ മുന്നില്‍ മില്‍മാന് മല്‍സരം അടിയറവയ്‌ക്കേണ്ടി വന്നു. നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്കായിരുന്നു ജോക്കോയുടെ ജയം. സ്‌കോര്‍ 6-3,6-4,6-4.
അതേസമയം മുന്‍ യു എസ് ഓപണ്‍ ചാംപ്യനായ മരിന്‍ സിലിച്ചിന് സെമി കാണാതെ പുറത്ത് പോകേണ്ടി വന്നു. ജപ്പാന്റെ അട്ടിമറി വിരുതന്‍ കെയ് നിഷിക്കോരിയാണ് നിര്‍ണായകമായ അവസാന സെറ്റില്‍ ലോക ഏഴാം നമ്പര്‍ താരത്തെ കീഴ്‌പ്പെടുത്തിയത്. നാല് മണിക്കൂറും 12 മിനിറ്റും വരെ നീണ്ട മല്‍സരത്തില്‍ രണ്ടിനെതിരേ മൂന്ന് സെറ്റുകള്‍ക്കായിരുന്നു ലോക 19ാം നമ്പര്‍ താരമായ നിഷിക്കോരിയുടെ ജയം. സ്‌കോര്‍ 2-6, 6-4, 7-6, 4-6, 6-4. ഇതോടെ 2014ലെ യു എസ് ഓപണിലെ ഫൈനലില്‍ കൈയകലെ തനിക്ക് ലഭിക്കാമായിരുന്ന കിരീടം നഷ്ടപ്പെടുത്തിയ മരിന്‍ സിലിച്ചിനെതിരേ പ്രതികാരം വീട്ടാനും ഈ ജപ്പാന്‍ താരത്തിനായി. 2014ലെ യു എസ് ഓപണ്‍ കിരീടം ചൂടിയത് കൂടാതെ ഈ വര്‍ഷത്തെ ആസ്‌ത്രേലിയന്‍ ഓപണ്‍ ഫൈനലിസ്റ്റുമാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ മരിന്‍ സിലിച്ച്.
ആദ്യ സെറ്റില്‍ തികച്ചും അനായാസമായാണ് ആറാം നമ്പര്‍ താരമായ ജോക്കോവിച്ച് ലോക 55ാം നമ്പര്‍ സ്ഥാനത്തുള്ള മില്‍മാനെ പരാജയപ്പെടുത്തിയത്. 3-0ന് മുന്നില്‍ നിന്നിരുന്ന ജോക്കോവിച്ചിനെതിരേ മികച്ച പ്രകടനം കാഴ്ച വയ്ക്കാനൊരുങ്ങിയ മില്‍മാനെ 6-3ന് തളച്ചിട്ടു. എന്നാല്‍ ഇരുവരും ഒപ്പത്തിനൊപ്പം മുന്നേറിയ രണ്ടാം സെറ്റില്‍ ആദ്യ നാല് പോയിന്റ് വരെ 4-3ന് മില്‍മാനായിരുന്നു മുന്നില്‍. എന്നാല്‍ അവിടം മുതല്‍ തുടര്‍ച്ചയായ മൂന്ന് പോയിന്റുകള്‍ സ്വന്തമാക്കി രണ്ടാം സെറ്റും സെര്‍ബിയന്‍ താരം തന്റെ വരുതിയിലാക്കി. ഡു ഓര്‍ ഡൈ എന്ന വിശേഷിപ്പിക്കാവുന്ന അവസാന സെറ്റില്‍ ഇറങ്ങിയ മില്‍മാന്‍ തുടക്കത്തില്‍ 1-0ന്റെ ലീഡ് നേടിയങ്കിലും തുടര്‍ന്ന് തിരിച്ചടിച്ച ജോക്കോവിച്ച് മല്‍സരം 3-1ന്റെ മികച്ച ലീഡ് നേടി. എന്നാല്‍ സെമി കുതിപ്പിലേക്ക് ഈ സെറ്റില്‍ വിജയം മാത്രം അനിവാര്യമുള്ള മില്‍മാന്‍ പൊരുതി മല്‍സരം 4-4ലെത്തിച്ചു.
പക്ഷേ, ലോക ഗ്രാന്‍സ്ലാം ടൂര്‍ണമെന്റുകളില്‍ കളിച്ച മല്‍സരപരിചയം ജോക്കോവിച്ച് മികച്ച പ്രകടനത്തിലൂടെ പുറത്തെടുത്തപ്പോള്‍ 6-4ന് സെറ്റ് പോയിന്റിനോടൊപ്പം മാച്ച് പോയിന്റും നേടി സെമിയിലേക്കുള്ള ടിക്കറ്റും എടുത്തു. സെമിയില്‍ നിഷിക്കോരിയെയാണ് ജോക്കോവിച്ച് നേരിടുക. മറ്റൊരു സെമിയില്‍ നിലവിലെ ചാംപ്യന്‍ റാഫേല്‍ നദാലും യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോയുമായി കൊമ്പുകോര്‍ക്കും. അവസാനമായി കളിച്ച 10 യു എസ് ഓപണ്‍ ടൂര്‍ണമെന്റിലും ജോക്കോവിച്ച് സെമിയില്‍ പ്രവേശിച്ചിരുന്നു. 2005 ലും 2011 ലുമാണ് ജോക്കോവിച്ച് യു എസ് ഓപണ്‍ കിരീടം ഉയര്‍ത്തിയത്.
വനിതകളില്‍ നേരത്തേ പ്രീക്വാര്‍ട്ടറില്‍ മരിയ ഷറപ്പോവയെ പരാജയപ്പെടുത്തിയ സ്‌പെയിനിന്റെ കര്‍ല സുവാരസ് നവറോയ്ക്ക് മടക്ക ടിക്കറ്റ് ലഭിച്ചു. ലോക 14ാം നമ്പര്‍ അമേരിക്കന്‍ താരം മാഡിസന്‍ കീസാണ് 24ാം നമ്പര്‍ താരമായ നവറോയുടെ കുതിപ്പിന് തടയിട്ടത്. സ്‌കോര്‍ 6-4,6-3. വനിതകളുടെ മറ്റൊരു ക്വാര്‍ട്ടറില്‍ 36ാം നമ്പര്‍ താരം ഉക്രെയ്‌ന്റെ ലെസിയ സുരങ്കോയെ ജപ്പാന്റെ ലോക 19ാം നമ്പര്‍ താരം നവോമി ഒസാകയും പരാജയപ്പെടുത്തി. സെമിയില്‍ ഒസാകയും മാഡിസന്‍ കീസും തമ്മില്‍ ഏറ്റുമുട്ടും. നേരത്തേ സെറീന വില്യംസും അനസ്‌തേഷ്യ സെവസ്റ്റോവയും സെമിയില്‍ കടന്ന് പോരാട്ടത്തിന് അര്‍ഹത നേടിയിരുന്നു.
Next Story

RELATED STORIES

Share it