റാങ്കിങില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ച് ജോക്കോവിച്ച്


ലണ്ടന്‍: പരിക്കിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ വിശ്രമത്തിന് ശേഷം തുടര്‍ച്ചയായി കിരീടങ്ങള്‍ വാരിക്കൂട്ടിയ മുന്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് സീസണിലെ മികച്ച റാങ്കിങില്‍. നേരത്തേ ആറാം സ്ഥാനത്തായിരുന്ന താരം ഇന്നലെ പുറത്തിറക്കിയ പുതിയ എറ്റിപി റാങ്കിങില്‍ മൂന്ന് സ്ഥാനങ്ങള്‍ മുന്നോട്ട് കയറി മൂന്നാം സ്ഥാനത്തെത്തി. റാഫേല്‍ നദാല്‍ ഒന്നാം സ്ഥാനവും ഫെഡറര്‍ രണ്ടാം സ്ഥാനവും നിലനിര്‍ത്തി. നേരത്തേ മൂന്നാം സ്ഥാനത്തായിരുന്ന അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഇന്നലെ യു എസ് ഓപണ്‍ കിരീടം ചൂടിയതോടെയാണ് ജോക്കോവിച്ച് മൂന്നാം സ്ഥാനത്തേക്ക് അര്‍ഹനായത്. നേരത്തേ ഈ വര്‍ഷം നടന്ന വിംബിള്‍ഡണ്‍ ടൂര്‍ണമെന്റിലും ജോക്കോവിച്ച് കിരീടം ചൂടിയിരുന്നു. ജര്‍മനിയുടെ അലക്‌സാണ്ടര്‍ സെറേവും ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചും ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവുമാണ് അഞ്ച് മുതല്‍ ഏഴ് സ്ഥാനം വരെ.
എന്നാല്‍ യു എസ് ഓപണിന്റെ പ്രീക്വാര്‍ട്ടറില്‍ ലോക ഒമ്പതാം നമ്പര്‍ താരമായിരുന്ന ഡൊമിനിക് തീമിനോട് അട്ടിമറി നേരിട്ട് പുറത്ത് പോയതോടെ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സന് സ്ഥാനമിടിവ് സംഭവിച്ചു. അഞ്ചാം സ്ഥാനത്തായിരുന്ന താരം നാല് സ്ഥാനം നഷ്ടപ്പെട്ട് നിലവില്‍ ഒമ്പതാം സ്ഥാനത്താണ്.

RELATED STORIES

Share it
Top