പുനഃപരിശോധനാ ഹരജി നല്‍കില്ല; ശബരിമലയില്‍ സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കും: മുഖ്യമന്ത്രിതിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രിം കോടതി വിധിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേത്രത്തില്‍ പ്രവേശിക്കാനെത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് വിശ്വാസികള്‍ക്കിടയില്‍ നേരത്തെ മുതല്‍ രണ്ട് അഭിപ്രായങ്ങളുള്ളവരുണ്ട്. ഈ വ്യത്യസ്താഭിപ്രായങ്ങള്‍ സുപ്രിം കോടതി പരിശോധിക്കുകയും കോടതിയുടെ അന്തിമ വിധി വരികയും ചെയ്തു. എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് അനുമതി നല്‍കുന്നതെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കണമെന്ന് പറയുന്ന സന്യാസികളടക്കമുള്ള വിശ്വാസികളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ എന്ന നിലയില്‍ കോടതി വിധി അനുസരിച്ചുള്ള നിലപാട് സ്വീകരിക്കുക എന്നതു മാത്രമേ ചെയ്യാനുള്ളൂ. ഈ മണ്ഡലകാലത്ത് സ്ത്രീകള്‍ അവിടെ വന്നേക്കാം. അപ്പോള്‍ അവര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് സര്‍ക്കാരിന് സ്വീകരിക്കാനുള്ള നടപടി. സുപ്രിം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അത് ഒരു വിട്ടുവീഴ്ചയും ഇല്ലാതെ നടപ്പാക്കും. ശബരിമല ക്ഷേത്രത്തിലേക്ക് പോകാന്‍ സ്ത്രീകള്‍ തയ്യാറാകുന്നെങ്കില്‍ അത് തടയാന്‍ പറ്റില്ല. വനിതാ പോലിസുകാരെ നിയോഗിച്ച് സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കും. വേണ്ടിവന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള വനിതാ പോലിസുകാരെയും ശബരിമലയില്‍ നിയോഗിക്കും.

സുപ്രിം കോടതി വിധിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ല. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഏതു സാഹചര്യത്തിലാണ് പുനഃപരിശോധനാ ഹര്‍ജിയുടെ കാര്യം പറഞ്ഞെതെന്ന് അറിയില്ല. ദേവസ്വം ബോര്‍ഡ് അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ല. അദ്ദേഹം ചിലപ്പോള്‍ അദ്ദേഹത്തിന്റേതായ അഭിപ്രായങ്ങള്‍ പറയാറുണ്ട്. അത് അദ്ദേഹത്തിനു മാത്രം ബാധകമായ കാര്യമാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി ചര്‍ച്ച നടത്തിയിരുന്നു. അതിനു ശേഷമാണ് അദ്ദേഹം തന്റെ കുടുംബത്തിലെ സ്ത്രീകള്‍ ശബരിമലയില്‍ പോകില്ല എന്നൊക്കെ മാധ്യമങ്ങളോട് പറഞ്ഞത്. അത്തരമൊരു നിലപാട് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top