മറ്റൊരാളുടെ ആരാധനാകേന്ദ്രം തകര്‍ത്ത് രാമക്ഷേത്രം നിര്‍മിക്കണമെന്ന ആഗ്രഹം നല്ല ഒരു ഹിന്ദുവിന് ഉണ്ടാവില്ല: ശശി തരൂര്‍


ചെന്നൈ: മറ്റൊരാളുടെ ആരാധനാകേന്ദ്രം തകര്‍ത്ത് അവിടെ ഒരു രാമക്ഷേത്രം നിര്‍മിക്കണമെന്ന ആഗ്രഹം നല്ല ഒരു ഹിന്ദുവിന് ഉണ്ടാവില്ലെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ബാബരി മസ്ജിദ് പൊളിച്ച വിഷയം കൂടി ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ചെന്നൈയില്‍ നടക്കുന്ന സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി വിഷയം ഉയര്‍ത്തിക്കാണിച്ച് മതധ്രുവീകരണം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. തിരഞ്ഞെടുപ്പ് അടുത്തതോടെ മത വികാരത്തിനും വര്‍ഗീയതയ്ക്കും തീപിടിച്ചിരിക്കുകയാണ്. വരും മാസങ്ങളില്‍ രാജ്യം മോശം സംഭവങ്ങള്‍ക്ക് സാക്ഷിയാകാന്‍ ഇടയുണ്ടെന്നും നാം കരുതിയിരിക്കണമെന്നും ശശി തരൂര്‍ മുന്നറിയിപ്പ് നല്‍കി.
'തിരഞ്ഞെടുപ്പ് അടുക്കുംതോറും അയോധ്യ വിഷയത്തിന് തീപ്പിടിപ്പിച്ച് മതധ്രുവീകരണത്തിന് ബിജെപി ശ്രമം നടത്തും. അതേസമയം മറ്റുളളവരുടെ ആരാധനാകേന്ദ്രം തകര്‍ത്ത് അവിടെ രാമക്ഷേത്രം പണിയുന്നതിനോട് നല്ല ഹിന്ദുവിന് യോജിപ്പുണ്ടാവില്ല,' ശശി തരൂര്‍ വ്യക്തമാക്കി.
രാജ്യത്ത് മതകാര്യ കേന്ദ്രങ്ങള്‍ അട്ടിമറിക്കപ്പെടുകയാണെന്ന ആശങ്ക അദ്ദേഹം അറിയിച്ചു. കോണ്‍ഗ്രസിന് പറ്റിയ തെറ്റുകള്‍ സമ്മതിക്കുന്നതായും അദ്ദേഹം തുറന്നുപറഞ്ഞു.

RELATED STORIES

Share it
Top