ശബരിമലയില്‍ പോകാന്‍ ആഗ്രഹമുമുണ്ടെന്ന് പോസ്റ്റിട്ട അധ്യാപികയ്ക്ക് ഭീഷണി: മലചവിട്ടാന്‍ അനുവദിക്കില്ലെന്ന്

കണ്ണൂര്‍: നാല്‍പത്തൊന്ന് ദിവസം വ്രതമെടുത്ത് ശബരിമലയില്‍ പോകാന്‍ ആഗ്രഹമുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപികയെ മലചവിട്ടാന്‍ അനുവദിക്കില്ലെന്ന് ആരോപിച്ച് വിശ്വാസികള്‍ പ്രതിഷേധ പ്രകടനം നടത്തി. മുപ്പതോളം ആളുകളാണ് ഇന്നലെ രാത്രിയോടെ യുവതിയുടെ വീട്ടിനുമുന്നിലൂടെ ശരണമന്ത്രങ്ങളും മലചവിട്ടാന്‍ അനുവദിക്കില്ലെന്നുള്ള മുന്നറിയിപ്പുകളുമായി പ്രകടനം നടത്തിയത്.എട്ട് ദിവസമായി മലയ്ക്കു പോകാന്‍ മാലയിട്ടിരിക്കുന്ന ഇരിണാവ് സ്വദേശിനി രേഷ്മയുടെ വീട്ടിനു മുന്നിലാണ് വിശ്വാസികള്‍ പ്രതിഷേധിച്ചത്. തീവ്ര ഹൈന്ദവ വികാരം ഉയര്‍ത്തുന്നവരാണ് സംഭവത്തിന് പിന്നിലെന്ന് രേഷ്മയുടെ ഭര്‍ത്താവ് നിഷാന്ത് പറഞ്ഞു. സംഭവസമയത്ത് ചെറുകുന്ന് പൊലിസ് സ്ഥലത്തുണ്ടായിരുന്നതു കൊണ്ട് പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറിയില്ല. 41 ദിവസം വ്രതമെടുത്ത് തനിക്ക് അയ്യപ്പനെക്കാണണമെന്നും അതൊരു വിപ്ലവത്തിന്റെ ഭാഗമല്ലെന്നും അയ്യപ്പനെ കാണാനുള്ള അതിയായ ആഗ്രഹം കൊണ്ടാണ് ഇതിനു തയാറാവുന്നതെന്നും നേരത്തെ രേഷ്മ പറഞ്ഞിരുന്നു. യാത്രയില്‍ താന്‍ ഒറ്റയ്ക്കായിരിക്കില്ലെന്നും എന്നെപ്പോലെ ആഗ്രഹമുള്ള വിശ്വാസികള്‍ കൂടി എനിക്കൊപ്പമുണ്ടാകും. ഇപ്പോള്‍ ഞാന്‍ മാത്രമാണ് ഇങ്ങനെയൊരു പോസ്റ്റിട്ടത്. ഇനിയും കൂടുതല്‍ വിശ്വാസികള്‍ എനിക്കൊപ്പം മലകയറാന്‍ ഉണ്ടാകുമെന്നും രേഷ്മ പറഞ്ഞിരുന്നു.

RELATED STORIES

Share it
Top