പ്രതിഷേധക്കാരുടെ സമരപ്പന്തല്‍ പൊളിച്ചു നീക്കി, നിലക്കലില്‍ സംഘര്‍ഷാവസ്ഥനിലയ്ക്കല്‍ : തുലാമാസ പൂജകള്‍ക്കായി നട ഇന്ന് വൈകിട്ട് തുറക്കാനിരിക്കെ ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന സ്ത്രീകളെ തടയുന്നതിന് വേണ്ടി നിലയ്ക്കലില്‍ ശബരിമല സംരക്ഷണ സമിതി ഒരുക്കിയിരുന്ന സമരപ്പന്തല്‍ പൊലീസ് പൊളിച്ചു നീക്കി. പുലര്‍ച്ചെ 3.30ഓടെ ശബരിമലയിലേക്ക് വന്ന വാഹനങ്ങളെ സമരക്കാര്‍ തടഞ്ഞു. റോഡ് ഉപരോധിച്ച പ്രവര്‍ത്തകരും പൊലീസും തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. പൊലീസിനു നേരെ മുദ്രാവാക്യം വിളികള്‍ ഉണ്ടായതോടെ പ്രവര്‍ത്തകരില്‍ ചിലരെ പൊലീസ് സ്ഥലത്ത് നിന്ന് നീക്കി. പിന്നാലെയാണ് എ.ഡി.ജി.പി അനന്തകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം കൂടുതല്‍ പൊലീസെത്തി സമരപ്പന്തല്‍ പൊളിച്ച് നീക്കിയത്. സമര രീതി മാറിയതോടെ,രണ്ടു ബറ്റാലിയന്‍ വനിതാ പൊലീസിനെ നിലയ്ക്കലും പമ്പയിലുമായി വിന്യസിച്ചിട്ടുണ്ട്.

സ്വകാര്യ വാഹനങ്ങള്‍ ഒന്നും തന്നെ പമ്പയിലേക്ക് കടത്തിവിടുന്നില്ല. അതേസമയം കെ.എസ്.ആര്‍.ടി.സി ബസുകള്‍ പമ്പ വരെ സര്‍വീസ് നടത്തുന്നുണ്ട്. നിലയ്ക്കലില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ച് സുരക്ഷ ശക്തമാക്കി. ഇന്നലെ രാത്രി നിലയ്ക്കലില്‍ വാഹനം തടഞ്ഞ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തീര്‍ത്ഥാടകരെ ഇന്നുച്ചയ്ക്കു ശേഷമേ പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് കടത്തിവിടുകയുള്ളൂ. യുവതികള്‍ എത്തിയാല്‍ നല്‍കേണ്ട സുരക്ഷയെപ്പറ്റി എ. ഡി. ജി.പിയുടെ നേതൃത്വത്തിലുളള ഉന്നതതല യോഗം ചര്‍ച്ച ചെയ്തു. അതിനിടെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സന്നിധാനത്തേക്ക് തിരിച്ചിട്ടുണ്ട്. ശബരിമലയിലെ ഒരുക്കങ്ങള്‍ മന്ത്രി വിലയിരുത്തും.

RELATED STORIES

Share it
Top