World

റോഹിൻഗ്യൻ മുസ്‌ലിം വംശഹത്യ; ഓങ്‌സാന്‍ സൂചിക്കെതിരേ ആദ്യ കേസ്

വംശഹത്യയുടെ കുറ്റവാളികൾ, അതിന് കൂട്ടാളികളായവർ എന്നിവർക്കെതിരേ ക്രിമിനൽ കുറ്റം ചുമത്തുന്നതിനായാണ് പരാതി നൽകിയത്.

റോഹിൻഗ്യൻ മുസ്‌ലിം വംശഹത്യ; ഓങ്‌സാന്‍ സൂചിക്കെതിരേ ആദ്യ കേസ്
X

ബ്യുണസ് അയേഴ്‌സ്: റോഹിൻഗ്യൻ മുസ്‌ലിംകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ പേരിൽ ഓങ്‌സാന്‍ സൂചിക്കെതിരേ അർജന്റീനയിൽ കേസ്. റോഹിൻഗ്യൻ-ലാറ്റിനമേരിക്കൻ മനുഷ്യാവകാശ സംഘടനകൾ ചേർന്നാണ് ഓങ്‌സാന്‍ സൂചിയടക്കം മ്യാൻമറിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരേ കോടതിയെ സമീപിച്ചത്. റോഹിൻഗ്യകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ പേരിൽ ആദ്യമായാണ് ഓങ്‌സാന്‍ സൂചി നിയമനടപടി നേരിടുന്നത്.

സാർവത്രിക നിയമാധികാരപരിധി എന്ന തത്വത്തിലാണ് ബുധനാഴ്ച കേസ് ഫയൽ ചെയ്തത്. യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ഉൾപ്പെടെയുള്ളവ ഈ നിയമത്തിൻറെ പരിധിയിൽ വരും. ഈ കുറ്റകൃത്യങ്ങൾ ഒരു രാജ്യത്തിന് അകത്ത് മാത്രമുള്ളതല്ല, എവിടെയും വിചാരണ ചെയ്യാൻ കഴിയുമെന്നാണ് ഈ നിയമം പറയുന്നത്.

വംശഹത്യയുടെ കുറ്റവാളികൾ, അതിന് കൂട്ടാളികളായവർ എന്നിവർക്കെതിരേ ക്രിമിനൽ കുറ്റം ചുമത്തുന്നതിനായാണ് പരാതി നൽകിയത്. ഈ പരാതി മറ്റെവിടെയെങ്കിലും ഫയൽ ചെയ്യാൻ സാധ്യതകളില്ലാത്തതിനാലാണ് അർജന്റീനയിലൂടെ ഇത് ചെയ്യുന്നതെന്ന് അഭിഭാഷകൻ ടോമാസ് ഓജിയ എഎഫ്‌പിയോട് പറഞ്ഞു.

റോഹിൻഗ്യൻ മുസ്‌ലിം ന്യൂനപക്ഷം നേരിടുന്ന അസ്തിത്വ ഭീഷണിക്കെതിരേ മ്യാൻമർ സൈനിക മേധാവി മിൻ ആങ് ഹേലിംഗ്, സൂചി എന്നിവരുൾപ്പെടെയുള്ള ഉന്നത സൈനിക, രാഷ്ട്രീയ നേതാക്കളെ വിചാരണ ചെയ്യണമെന്നാണ് പരാതി. മ്യാൻമറിനെതിരേ ഗാംബിയ തിങ്കളാഴ്ച യുഎൻ പരമോന്നത കോടതിയിൽ പ്രത്യേക കേസ് ഫയൽ ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it