World

അധികാരത്തില്‍ തിരിച്ചെത്താന്‍ മുഷര്‍റഫ് അമേരിക്കയുടെ രഹസ്യ സഹായം തേടുന്ന വീഡിയോ പുറത്ത്

75 കാരനായ റിട്ടയേഡ് സൈനിക മേധാവി മുഷര്‍റഫ് 2001 മുതല്‍ 2008വരെയാണ് പാകിസ്താന്‍ പ്രസിഡന്റായി ഉണ്ടായിരുന്നത്. തുടര്‍ന്ന് ഇംപീച്ച്‌മെന്റ് ഒഴിവാക്കുന്നതിന് രാജിവയ്ക്കുകയായിരുന്നു.

അധികാരത്തില്‍ തിരിച്ചെത്താന്‍ മുഷര്‍റഫ് അമേരിക്കയുടെ രഹസ്യ സഹായം തേടുന്ന വീഡിയോ പുറത്ത്
X

വാഷിങ്ടണ്‍: അധികാരത്തില്‍ തിരിച്ചെത്തുന്നതിന് മുന്‍ പാകിസ്താന്‍ പ്രസിഡന്റ് പര്‍വേസ് മുഷര്‍റഫ് അമേരിക്കയുടെ സഹായം തേടുന്ന വീഡിയോ പുറത്ത്. എപ്പോള്‍ റെക്കോഡ് ചെയ്തതെന്ന് വ്യക്തമല്ലാത്ത വീഡിയോ ക്ലിപ്പ് പാകിസ്താനി കോളമിസ്റ്റ് ഗുല്‍ ബുഖാരിയാണ് പുറത്തുവിട്ടത്. അല്‍ഖാഇദ മേധാവി ഉസാമ ബിന്‍ലാദിന്‍ എവിടെയാണെന്നതു സംബന്ധിച്ച കാര്യങ്ങള്‍ അവഗണിച്ച ഐഎസ്‌ഐ നിലപാടില്‍ താന്‍ ലജ്ജിക്കുന്നുവെന്നും വീഡിയോയില്‍ പറയുന്നുണ്ട്.

75 കാരനായ റിട്ടയേഡ് സൈനിക മേധാവി മുഷര്‍റഫ് 2001 മുതല്‍ 2008വരെയാണ് പാകിസ്താന്‍ പ്രസിഡന്റായി ഉണ്ടായിരുന്നത്. തുടര്‍ന്ന് ഇംപീച്ച്‌മെന്റ് ഒഴിവാക്കുന്നതിന് രാജിവയ്ക്കുകയായിരുന്നു. 2016 മാര്‍ച്ച് മുതല്‍ മുഷര്‍റഫ് ദുബയിലാണ് താമസിക്കുന്നത്. സുരക്ഷാ, ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പാകിസ്താനിലേക്ക് പിന്നീട് മടങ്ങാതിരുന്നത്. 2007ല്‍ ഭരണഘടന ഭേദഗതി ചെയ്ത സംഭവത്തില്‍ മുഷര്‍റഫ് രാജ്യദ്രോഹക്കുറ്റം നേരിടുന്നുണ്ട്.

എനിക്ക് ആവശ്യമായ യോഗ്യതയുണ്ട്. എനിക്ക് വീണ്ടും അധികാരത്തിലേക്ക് വരണം. അതിന് പിന്തുണ ആവശ്യമാണ്. പരസ്യമായി വേണ്ട, രഹസ്യ പിന്തുണ മതി. അതിലൂടെ നമുക്ക് വീണ്ടും വിജയിക്കാനാവും- അമേരിക്കന്‍ ജനപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ച്ചയുടെ വീഡിയോയില്‍ മുഷര്‍റഫ് പറയുന്നു.

അമേരിക്ക നല്‍കിയ പണം ഭീകരതയ്‌ക്കെതിരേ പോരാടാനും ദാരിദ്യം 34 ശതമാനത്തില്‍ നിന്ന് 17 ശതമാനത്തിലെക്കെത്തിക്കാനും പാകിസ്താന്‍ ഉപയോഗിച്ചതായി വീഡിയോകളില്‍ ഒന്നില്‍ മുഷറര്‍റഫ് അവകാശപ്പെടുന്നുണ്ട്. അല്‍ഖാഇദയെയും താലിബാനെയും പരാജയപ്പെടുത്താനാണ് അമേരിക്ക പണം നല്‍കിയതെന്ന് അമേരിക്കന്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടുമ്പോഴാണ് തന്നെ അധികാരത്തിലേക്ക് തിരിച്ചെത്തിക്കണമെന്നും അതിന് അമേരിക്ക സഹായിക്കണമെന്നും മുന്‍ പാകിസ്താന്‍ പ്രസിഡന്റ് ആവശ്യപ്പെടുന്നത്. മുഷര്‍റഫ് യുഎസ് ജനപ്രതിനിധി സഭയുടെ ഇടനാഴിയിലൂടെ നടക്കുന്നതും അമേരിക്കയില്‍ ശക്തമായ സ്വാധീനമുള്ള അമേരിക്കന്‍ ജൂത കോണ്‍ഗ്രസ് ചെയര്‍മാന്‍ ജാക്ക് റോസനുമായി ചര്‍ച്ച നടത്തുന്നതുമായ വീഡിയോ ക്ലിപ്പുകളും പുറത്തുവന്നിട്ടുണ്ട്. 2012ന് ശേഷമുള്ള വീഡിയോ ക്ലിപ്പുകളാണ് വെളിച്ചത്തുവന്നതെന്നാണ് സൂചനകളില്‍ നിന്ന് മനസ്സിലാവുന്നത്.

Next Story

RELATED STORIES

Share it