World

കൈയേറ്റത്തിനെതിരേ വിമര്‍ശനം; അമേരിക്കയും ഇസ്രായേലും യുനെസ്‌കോ വിട്ടു

ഫലസ്തീന് യുനെസ്‌കോയില്‍ സ്ഥിരാംഗത്വം നല്‍കാനുള്ള തീരുമാനവും ഇരുരാജ്യങ്ങളെയും ചൊടിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇരു രാജ്യങ്ങളും സംഘടനയില്‍ നിന്ന് പുറത്തു പോകുന്നതെന്നാണ് റിപോര്‍ട്ട്.

കൈയേറ്റത്തിനെതിരേ വിമര്‍ശനം; അമേരിക്കയും ഇസ്രായേലും യുനെസ്‌കോ വിട്ടു
X

തെല്‍ അവീവ്: ഒരു വര്‍ഷം നീണ്ട നടപടിക്രമങ്ങള്‍ക്കു ശേഷം അമേരിക്കയും ഇസ്രായേലും ഔപചാരികമായി യുനെസ്‌കോ വിട്ടു. കിഴക്കന്‍ ജറുസലേമില്‍ ഇസ്രയേല്‍ നടത്തുന്ന കൈയേറ്റങ്ങളെ യുനെസ്‌കോ(യുനൈറ്റഡ് നാഷന്‍സ് എജുക്കേഷനല്‍ സൈന്റിഫിക് ആന്റ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍) എതിര്‍ത്തിരുന്നു. ഫലസ്തീന് യുനെസ്‌കോയില്‍ സ്ഥിരാംഗത്വം നല്‍കാനുള്ള തീരുമാനവും ഇരുരാജ്യങ്ങളെയും ചൊടിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇരു രാജ്യങ്ങളും സംഘടനയില്‍ നിന്ന് പുറത്തു പോകുന്നതെന്നാണ് റിപോര്‍ട്ട്.

'ജൂതര്‍ക്ക് ജറുസലേമുമായുള്ള ബന്ധമടക്കം, ചരിത്രത്തെ തുടര്‍ച്ചയായി തിരുത്തി എഴുതിക്കൊണ്ടിരിക്കുന്ന ഒരു സംഘടനയാണ് യുനെസ്‌കോ. മനപ്പൂര്‍വം ഞങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയില്‍ അംഗമായിരിക്കാന്‍ ഞങ്ങളില്ല' ഇസ്രായേലിന്റെ യു.എന്‍ അംബാസഡര്‍ ഡാനി ഡാനന്‍ പറഞ്ഞു. അമേരിക്ക യുനെസ്‌കോയില്‍ നിന്നു പുറത്തു പോകും എന്ന് 2017ല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഇസ്രായേലും ഇതിനുള്ള നടപടിക്രമങ്ങളിലേക്ക് കടന്നിരുന്നു.

യുനെസ്‌കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ആറു സ്ഥലങ്ങള്‍ ഇസ്രയേലിലുണ്ട്. എന്നാല്‍, സംഘടനയില്‍ നിന്ന് പുറത്തു പോയാലും ഇവ യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ശേഷിക്കും എന്ന് ഇസ്രായേല്‍ വിദേശ കാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു. 1949ലാണ് ഇസ്രയേല്‍ യുനെസ്‌കോയില്‍ അംഗമാകുന്നത്.

അതേസമയം, ഇസ്രായേലും അമേരിക്കയും യുനെസ്‌കോയില്‍ നിന്ന് പുറത്തു പോകുന്നത് സംഘടനയുടെ സാമ്പത്തികഭദ്രതയെ ബാധിക്കില്ലെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. 2011ല്‍ ഫലസ്തീന്് സംഘടനയില്‍ അംഗത്വം നല്‍കിയത് മുതല്‍ ഇരു രാജ്യങ്ങളും യുനെസ്‌കോയ്ക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തിയിരുന്നു.


Next Story

RELATED STORIES

Share it