World

ബ്രിട്ടനില്‍ തെരേസാ മേയ്‌ക്കെതിരായ അവിശ്വാസം പരാജയപ്പെട്ടു

306നെതിരേ 329 വോട്ടുകളാണ് തെരേസാ മേയ് നേടിയത്.

ബ്രിട്ടനില്‍ തെരേസാ മേയ്‌ക്കെതിരായ അവിശ്വാസം പരാജയപ്പെട്ടു
X

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. പ്രധാനമന്ത്രി തെരേസ മേയ് 19 വോട്ടുകള്‍ക്ക് വിജയിച്ചു. ഇതേത്തുടര്‍ന്ന് ബ്രെക്‌സിറ്റില്‍ എംപിമാരെ ചര്‍ച്ചയ്ക്കു വിളിക്കുകയും ചെയ്തു. 306നെതിരേ 329 വോട്ടുകളാണ് തെരേസാ മേയ് നേടിയത്. നേരത്തേ, യൂറോപ്യന്‍ യൂനിയന്‍(ഇയു) വിടാനായി പ്രധാനമന്ത്രി തെരേസ മേയ് മുന്നോട്ടുവച്ച ബ്രെക്‌സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് വന്‍ ഭൂരിപക്ഷത്തിന് തള്ളിയിരുന്നു. 202ന് എതിരേ 432 വോട്ടുകള്‍ക്കാണ് കരാര്‍ പരാജയപ്പെട്ടിരുന്നത്. അഞ്ചു ദിവസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഹൗസ് ഓഫ് കോമണ്‍സില്‍ കരാര്‍ വോട്ടിനിട്ടത്. അയര്‍ലന്‍ഡ് അതിര്‍ത്തിയിലെ പരിശോധന ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയംഗങ്ങള്‍ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ചില അംഗങ്ങളും പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന് കാരാറിനെതിരേ വോട്ട് ചെയ്തതു മേയ്ക്ക് തിരിച്ചടിയായിരുന്നു. ഇത് മേയുടെ ഭരണത്തുടര്‍ച്ച സംബന്ധിച്ച് അനിശ്ചിതത്വം ഉയര്‍ത്തിയിരുന്നു. നൂറു വര്‍ഷത്തിനിടെ ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി പൊതുസഭയില്‍ നേരിടുന്ന ഏറ്റവും വലിയ പരാജയത്തെ തുടര്‍ന്നാണു പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ നേതാവ് ജെറമി കോര്‍ബിന്‍ അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. 118 ഭരണകക്ഷി കണ്‍സര്‍വേറ്റീവ് എംപിമാര്‍ ബ്രെക്‌സിറ്റിനെ എതിര്‍ത്തു വോട്ട് ചെയ്‌തെങ്കിലും അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ അവര്‍ പ്രധാനമന്ത്രിയെ പിന്തുണച്ചു. ബ്രെക്‌സിറ്റ് കരാറില്‍ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തരുതെന്നാണ് ഇവര്‍ വോട്ടെടുപ്പിലൂടെ വ്യക്തമാക്കിയത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ 314 അംഗങ്ങളും വടക്കന്‍ അയര്‍ലന്‍ഡിലെ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുടെ 10 അംഗങ്ങളും ഒരു സ്വതന്ത്രനുമാണു മേയ്ക്ക് അനുകൂമായി വോട്ട് ചെയ്തത്. സര്‍ക്കാരിനെതിരേ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ അതിജീവിക്കാനായതോടെ അടുത്തയാഴ്ച മാറ്റങ്ങളോടെ പുതിയ കരാര്‍ മേ അവതരിപ്പിക്കുമെന്നാണു പ്രതീക്ഷ.






Next Story

RELATED STORIES

Share it