ഇസ്രായേലി വെടിവയ്പില്‍ ഫലസ്തീനി ബാലന്‍ കൊല്ലപ്പെട്ടു

ഇതേ ദിവസം തന്നെ ഹസന്‍ ശലബി(14), ഹംസ ഷ്‌തേവി(17) എന്നീ രണ്ടു ഫലസ്തീനി ബാലന്‍മാരെ ഇസ്രായേല്‍ വെടിവച്ചു കൊന്നിരുന്നു

ഇസ്രായേലി വെടിവയ്പില്‍ ഫലസ്തീനി ബാലന്‍ കൊല്ലപ്പെട്ടു
ജെറുസലേം: ഗ്രേറ്റ് റിട്ടേണ്‍ മാര്‍ച്ചില്‍ പങ്കെടുത്ത ഫലസ്തീനി ബാലന്‍ ഇസ്രായേല്‍ അധിനിവേശ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. 17കാരനായ ഹസന്‍ അലിയാണ് വെള്ളിയാഴ്ചയുണ്ടായ കണ്ണീര്‍ വാതക പ്രയോഗത്തിലും വെടിവയ്പിലും പരിക്കേറ്റത്. ബുറൈജ് അഭയാര്‍ഥി ക്യാംപിനടുത്തു വച്ചാണ് പരിക്കേറ്റതെന്ന് ഫലസ്തീനിലെ ഗസ മേഖലയിലെ ആരോഗ്യമന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് മരണത്തിനു കീഴടങ്ങിയത്. ഇതേ ദിവസം തന്നെ ഹസന്‍ ശലബി(14), ഹംസ ഷ്‌തേവി(17) എന്നീ രണ്ടു ഫലസ്തീനി ബാലന്‍മാരെ ഇസ്രായേല്‍ വെടിവച്ചു കൊന്നിരുന്നു. മാര്‍ച്ച് 30 മുതല്‍ ഗസ അതിര്‍ത്തിയില്‍ നടക്കുന്ന പ്രതിഷേധമാര്‍ച്ചിനു നേരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ 265 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 27000ത്തോളം പേര്‍ക്കു പരിക്കേറ്റവരില്‍ കുറഞ്ഞത് 500 പേരുടെയെങ്കിലും നില അതീവഗുരുതരമാണ്.

അതിനിടെ, ഗസ അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന സമാധാനപരമായ മാര്‍ച്ചിനു നേരെ ഇസ്രായേല്‍ അധിനിവേശ സേന നടത്തിയ വെടിവയ്പില്‍ നാലു ഫലസ്തീനി യുവാക്കള്‍ക്ക് പരിക്കേറ്റു. ഗസ സ്ട്രിപ്പിനു മധ്യഭാഗത്തുള്ള അല്‍ ബുറയ്ജ് അഭയാര്‍ഥി ക്യാംപിനു നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. നിരവധി യുവാക്കളാണ് ഗസ അതിര്‍ത്തിയില്‍ പ്രതിഷേധ ഭാഗമായി ടയറുകളും മറ്റും കത്തിക്കുന്നത്. ഇവരെ നേരിടാന്‍ വന്‍തോതില്‍ ഇസ്രായേല്‍ കണ്ണീര്‍ വാതകവും വെടിവയ്പുമാണ് നടത്തുന്നതെന്ന് ഫലസ്തീന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ റിപോര്‍ട്ട് ചെയ്തു.
basheervk

basheervk

Our Contributor help bring you the latest article around you


RELATED STORIES

Share it
Top