Kerala

ലിംഗ സമത്വം സാധ്യമാക്കാന്‍ ഇനിയും ഏറെ ദൂരം പോകണം: ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം

സാക്ഷരതയില്‍ മുന്‍പന്തിയില്‍ ആയിട്ടും നിയമപരമായ നടപടികള്‍ക്ക് സ്ത്രീകള്‍ ഭയപ്പെടുന്നു. നിയമനടപടികളോടുള്ള സ്ത്രീകളുടെ അകാരണമായ ഭയം മാറ്റണമെന്നും ഗവര്‍ണര്‍

ലിംഗ സമത്വം സാധ്യമാക്കാന്‍ ഇനിയും ഏറെ ദൂരം പോകണം: ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം
X

കൊച്ചി: ലിംഗ സമത്വം എന്നത് ഏറെ നാളായി കേള്‍ക്കുന്ന മുദ്രാവാക്യമാണെങ്കിലും അത് സാധ്യമാക്കുന്നതിനായി ഇനിയും ഏറെ ദൂരം പോകേണ്ടതുണ്ടെന്ന് ഗവര്‍ണര്‍ ജസ്റ്റിസ്. പി സദാശിവം. എറണാകുളം വിമെന്‍സ് അസോസിയേഷന്‍ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലിംഗ സമത്വം കുടുംബത്തില്‍ നിന്നും തന്നെ ആരംഭിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.സാക്ഷരതയില്‍ മുന്‍പന്തിയില്‍ ആയിട്ടും നിയമപരമായ നടപടികള്‍ക്ക് സ്ത്രീകള്‍ ഭയപ്പെടുന്ന സാഹചര്യം ഇന്നും നിലനില്‍ക്കുന്നു. നിയമനടപടികളോടുള്ള സ്ത്രീകളുടെ അകാരണമായ ഭയം മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ പ്രശ്‌നങ്ങളോട് സമൂഹം അനുകമ്പയോടെ പ്രതികരിക്കണം. നിയമപാലന രംഗത്തേക്ക് കൂടുതല്‍ സ്ത്രീകള്‍ കടന്നു വരണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ബംഗാളില്‍ ആദിവാസി പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സുപ്രീം കോടതി ജഡ്ജിയായിരിക്കെ സ്വമേധയാ കേസെടുത്ത കാര്യം അദ്ദേഹം അനുസ്മരിച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി പോരാടുന്ന ദയാബായിയുടെ പ്രവര്‍ത്തനങ്ങളെ ഗവര്‍ണര്‍ അഭിനന്ദിച്ചു. ദയാഭായിയെ വേദിയിലിരുത്തിയായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. തിരുവനന്തപുരത്തു എന്‍ഡോസള്‍ഫാന്‍ ഇരകളുമായി ദയാബായി സമരം നടത്തിയ അവസരത്തില്‍ താന്‍ ഇടപെട്ടിരുന്നിട്ടുവെന്ന കാര്യവും ഗവര്‍ണര്‍ പറഞ്ഞു. രണ്ടു സംസ്ഥാന മന്ത്രിമാരോട് ഇതേ കുറിച്ച് സംസാരിക്കുകയും സമരം തീര്‍ക്കാന്‍ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നതായി അദ്ദേഹം പറഞ്ഞു. എല്ലാ ദിവസവും സമര വാര്‍ത്തകള്‍ കൃത്യമായി കാണാറുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശബ്ദമില്ലാത്ത ആയിരങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്നുണ്ടെന്ന കാര്യം അധികാരികള്‍ വിസ്മരിക്കരുതെന്നു ചടങ്ങില്‍ സംസാരിച്ച ദയാബായി പറഞ്ഞു. പ്രഫ. കെ വി തോമസ് എം പി അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എം എല്‍ എ, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ്,മേയര്‍ സൗമിനി ജെയിന്‍ പങ്കെടുത്തു. ശതാബ്ദി സുവനീര്‍ പ്രകാശനവും ചടങ്ങില്‍ ഗവര്‍ണര്‍ നിര്‍വഹിച്ചു

Next Story

RELATED STORIES

Share it