Kerala

പ്രത്യേക സാമ്പത്തിക മേഖലയില്‍ സ്ത്രീ തൊഴിലാളികള്‍ക്ക് നേരെ തൊഴിലിട പീഢനങ്ങള്‍ വര്‍ധിക്കുന്നുവെന്ന് വനിതാ കമ്മീഷന്‍

ഇവിടുത്തെ വിവിധ കമ്പനികള്‍ക്കെതിരെ പരാതികളുമായി സ്ത്രീ തൊഴിലാളികള്‍ കമ്മീഷന് മുന്നിലെത്തുന്നുണ്ട്. സ്ത്രീകളുടെ അധ്വാനത്തെ ചൂഷണം ചെയ്യുന്നതോടൊപ്പം ശാരീരിക-മാനസീക പീഢനങ്ങളും ഏറി വരുന്നുണ്ട്. ഇക്കാര്യത്തില്‍ അധികൃതര്‍ നടപടി സ്വീകരിക്കണം. കമ്പനികളിലെ സ്ത്രീ തൊഴിലാളികളുടെ അവസ്ഥ മനസിലാക്കുന്നതിന് നേരില്‍ സന്ദര്‍ശിക്കും

പ്രത്യേക സാമ്പത്തിക മേഖലയില്‍ സ്ത്രീ തൊഴിലാളികള്‍ക്ക് നേരെ തൊഴിലിട പീഢനങ്ങള്‍ വര്‍ധിക്കുന്നുവെന്ന് വനിതാ കമ്മീഷന്‍
X

കൊച്ചി: സെസ്- പ്രത്യേക സാമ്പത്തീക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ സ്ത്രീ തൊഴിലാളികള്‍ക്ക് നേരെ തൊഴിലിട പീഢനങ്ങള്‍ വര്‍ധിക്കുകയാണെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. ഇവിടുത്തെ വിവിധ കമ്പനികള്‍ക്കെതിരെ പരാതികളുമായി സ്ത്രീ തൊഴിലാളികള്‍ കമ്മീഷന് മുന്നിലെത്തുന്നുണ്ട്. സ്ത്രീകളുടെ അധ്വാനത്തെ ചൂഷണം ചെയ്യുന്നതോടൊപ്പം ശാരീരിക-മാനസീക പീഢനങ്ങളും ഏറി വരുന്നുണ്ട്. ഇക്കാര്യത്തില്‍ അധികൃതര്‍ നടപടി സ്വീകരിക്കണം. കമ്പനികളിലെ സ്ത്രീ തൊഴിലാളികളുടെ അവസ്ഥ മനസിലാക്കുന്നതിന് നേരില്‍ സന്ദര്‍ശിക്കും.

വ്യക്തിയുടെ സ്വതന്ത്ര തീരുമാനങ്ങളില്‍ സമൂഹം ഇടപെടുന്നത് വര്‍ധിച്ച് വരികയാണ്. പ്രണയ വിവാഹങ്ങളില്‍ അടുത്തിടെയുണ്ടാകുന്ന സംഭവങ്ങള്‍ ഇതാണ് കാണിക്കുന്നത്. വ്യക്തിയുടെ ഭരണഘടനാ ദത്തമായ അവകാശങ്ങള്‍ അംഗീകരിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു. അദാലത്തില്‍ 84 പരാതികള്‍ പരിഗണിച്ചു. ഇതില്‍ 18 പരാതികള്‍ തീര്‍പ്പാക്കി. 7 പരാതികളില്‍ വിവിധ വകുപ്പുകളുടെ റിപോര്‍ട്ട് തേടി. 59 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. പെരുമ്പാവൂര്‍ മേഖലയിലെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപികമാര്‍ പിറ്റിഎ ക്കെതിരെ നല്‍കിയ പരാതിയില്‍ ഡിഇഒ യോട് റിപോര്‍ട്ട് തേടി.

പിറ്റിഎ അനാവശ്യ സമ്മര്‍ദ്ദങ്ങള്‍ സൃഷ്ടിക്കുന്നെന്നാണ് അധ്യാപികമാരുടെ പരാതി. ഭര്‍ത്താവിന്റെ സഹോദരനായ അഭിഭാഷകന്‍ ഉപദ്രവിക്കുന്നതായ പരാതിയുമായെത്തിയ യുവതിയോട് ഇക്കാര്യത്തില്‍ കോടതി വഴി തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശിച്ചു. കാലടി പ്ലാന്റേഷനിലെ ഫാം ഹൗസ് നടത്തിപ്പുകാരനെതിരെ സമീപത്ത് താമസിക്കുന്ന കുടുംബത്തിലെ സ്ത്രീകള്‍ നല്‍കിയ പരാതിയില്‍ അടിയന്തിരമായി കേസെടുക്കാന്‍ കാലടി സിഐക്ക് നിര്‍ദ്ദേശം നല്‍കി. വീട് നിര്‍മ്മാണത്തിന് കരാറെടുത്ത വ്യക്തി പണം വാങ്ങിയ ശേഷം കബളിപ്പിച്ചതായ വിധവയുടെ പരാതിയില്‍ വാങ്ങിയ പണം അടുത്ത അദാലത്തില്‍ തിരിച്ച് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. കമ്മീഷനംഗം അഡ്വ.ഷിജി ശിവജി, ഡയറക്ടര്‍ വി യു കുര്യാക്കോസ് എന്നിവരും അദാലത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it