Kerala

സിഎജി റിപോര്‍ട്ട് നിസാരവല്‍ക്കരിക്കാന്‍ ശ്രമം: ബെന്നി ബഹനാന്‍

സിഎജി റിപോര്‍ട്ടില്‍ കുറ്റക്കാരനെന്ന് ആരോപിക്കപ്പെടുന്ന ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെയും ചീഫ് സെക്രട്ടറി ടോം ജോസിനെതിരെയും നിഷ്പക്ഷമായ അന്വേഷണം വേണം.പോലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിരിക്കുന്ന ക്രമക്കേടുകളെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ന്യായീകരിക്കുകയാണ് ചെയ്തത്. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള പല സുപ്രധാന കാര്യങ്ങളും കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് നടന്നിരിക്കുന്നത്.

സിഎജി റിപോര്‍ട്ട് നിസാരവല്‍ക്കരിക്കാന്‍ ശ്രമം: ബെന്നി ബഹനാന്‍
X

കൊച്ചി: പോലിസ് വകുപ്പിലെ ഗുരുതരമായ ക്രമക്കേടുകള്‍ പുറത്തുകൊണ്ടു വന്ന സിഎജി റിപോര്‍ട്ട് നിസാരവല്‍ക്കരിക്കാനുള്ള ശ്രമമാണ് സര്‍ക്കാരും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും തുടരുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എംപി. സിഎജി റിപോര്‍ട്ടില്‍ കുറ്റക്കാരനെന്ന് ആരോപിക്കപ്പെടുന്ന ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെയും ചീഫ് സെക്രട്ടറി ടോം ജോസിനെതിരെയും നിഷ്പക്ഷമായ അന്വേഷണം വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയാന്‍ തയാറാകണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.പോലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിരിക്കുന്ന ക്രമക്കേടുകളെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ന്യായീകരിക്കുകയാണ് ചെയ്തത്.

ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള പല സുപ്രധാന കാര്യങ്ങളും കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് നടന്നിരിക്കുന്നത്. ഇവിടെയാണ് അഴിമതി സാധ്യതയുണ്ടാകുന്നത്. പിഡബ്ല്യൂഡി ജോലികള്‍ ഉരാളുങ്കലിനെ ഏല്‍പ്പിച്ചതും നടപടികള്‍ പാലിക്കാതെയാണ്. കേന്ദ്രത്തില്‍ നിന്നും മറ്റും ലഭിച്ച പണം വക മാറ്റിയാണ് ചെലവഴിച്ചിരിക്കുന്നത്. ഇത്തരത്തില്‍ പണം ചെലവഴിച്ചതില്‍ ഗുരുതരമായ ക്രമക്കേടുകളും അഴിമതിയും നടന്നിട്ടുണ്ട്. പോലിസ് കെല്‍ട്രോണുമായി ചേര്‍ന്ന് നടപ്പിലാക്കിയ സിംസ് പദ്ധതിയുടെ കരാര്‍ ഏറ്റെടുത്തത് ഗാലക്സോണ്‍ എന്ന സ്വകാര്യ കമ്പനിയാണ്. ഇതില്‍ വ്യാപകമായ ക്രമക്കേടുകളാണ് ഉണ്ടായിരിക്കുന്നത്. ദുബായ്, ഷാര്‍ജ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സിംസ് പദ്ധതി നടപ്പിലാക്കയിതിന്റെ പ്രവര്‍ത്തിപരിചയമുണ്ടെന്ന് കാണിച്ചാണ് ഗാലക്സോണ്‍ പ്രവര്‍ത്തനമേറ്റെടുത്തത്.

എന്നാല്‍ ദുബായില്‍ ഈ പദ്ധതി നടപ്പിലാക്കിയത് വേറൊരു സ്വകാര്യ കമ്പനിയാണെന്ന് കണ്ടെത്തിയതായും ബെന്നി ബഹനാന്‍ പറഞ്ഞു.വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണ്. വെടിയുണ്ടകള്‍ കാണാതായ വിഷയത്തില്‍ വ്യക്തമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഴിമതി ആരോപണം നേരിടുന്ന ലോക്നാഥ് ബെഹ്റയ്ക്കെതിരായ കേസിന്റെ ചുമതല എഡിജിപി ടോമിന്‍ തച്ചങ്കരിയെ ഏല്‍പ്പിച്ചതിലും അസ്വാഭാവികതയുണ്ട്. റാങ്കിംഗില്‍ ബെഹ്റയേക്കാള്‍ താഴെയുള്ള ടോമിന്‍ തച്ചങ്കരി നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസ്യത ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പോലിസ് വകുപ്പിലെ ഇത്തരം ക്രമക്കേടുകളില്‍ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കണം. മുഖ്യമന്ത്രിയോട് ആഭ്യന്തര വകുപ്പിന്റെ ചുമതലയൊഴിയാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ആവശ്യപ്പെടണമെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it