Kerala

ചര്‍ച്ച് ആക്ടിനെ പിന്തുണയ്ക്കുന്നത് അപകടകരമെന്ന് സീറോ മലബാര്‍ സഭ

സഭാവിരുദ്ധരും നിക്ഷിപ്ത താല്‍പര്യക്കാരും പ്രോല്‍സാഹിപ്പിക്കുന്ന ചര്‍ച്ച് ആക്ട് വ്യവസ്ഥാപിത സഭകളിലെ ഐക്യവും ഭദ്രതയും തകര്‍ക്കുമെന്നത് വസ്തുതാപരമാണെന്നും സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നിന്നും പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു

ചര്‍ച്ച് ആക്ടിനെ പിന്തുണയ്ക്കുന്നത് അപകടകരമെന്ന് സീറോ മലബാര്‍ സഭ
X

കൊച്ചി: ക്രൈസ്തവ സഭകളുടെ സ്വത്ത് കൈകാര്യം ചെയ്യാന്‍ വഖഫ്-ദേവസ്വം ബോര്‍ഡുകള്‍ക്ക് സമാനമായ ചര്‍ച്ച് പ്രോപ്പര്‍ട്ടി ആക്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ചര്‍ച്ചകള്‍ സജീവമാക്കി നിലനിര്‍ത്താന്‍ ചില സഭാവിരുദ്ധ ശക്തികള്‍ ബോധപൂര്‍വം നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണെന്ന് സീറോ മലബാര്‍ സഭ. സഭാവിരുദ്ധരും നിക്ഷിപ്ത താല്‍പര്യക്കാരും പ്രോല്‍സാഹിപ്പിക്കുന്ന ചര്‍ച്ച് ആക്ട് വ്യവസ്ഥാപിത സഭകളിലെ ഐക്യവും ഭദ്രതയും തകര്‍ക്കുമെന്നത് വസ്തുതാപരമാണെന്നും സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നിന്നും പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ സിവില്‍ നിയമങ്ങളും സഭാനിയമങ്ങളും അനുശാസിക്കും വിധം രജിസ്‌ട്രേഷന്‍, ട്രാന്‍സ്ഫര്‍, ഇന്‍ഹറിറ്റന്‍സ്, ഫീസ്ഒടുക്കല്‍ നികുതിഒടുക്കല്‍ തുടങ്ങിയ നടപിടക്രമങ്ങള്‍ക്ക് വിധേയമായി വസ്തുവകകള്‍ ആര്‍ജിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ക്രമക്കേടുകള്‍ പരിഹരിക്കുന്നതിനും കത്തോലിക്കാ സഭയ്ക്ക് പരമ്പരാഗതവും വ്യവസ്ഥാപിതവുമായ സംവിധാനങ്ങളും മാര്‍ഗ്ഗങ്ങളും നിലവിലുള്ള സാഹചര്യത്തില്‍ കത്തോലിക്കാ സഭയുടെ സ്വത്തുക്കളെ സംബന്ധിച്ച് മറ്റൊരു നിയമം അപ്രസക്തവും അനാവശ്യവുമാണ്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 26-ന്റെ അടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സഭയിലെ വസ്തുവകകളുടെ നടത്തിപ്പ് സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് പാസ്റ്ററല്‍ കൗണ്‍സില്‍, പൊതുയോഗം, പ്രതിനിധിയോഗം തുടങ്ങിയ സഭയ്ക്കുള്ളിലെ ജനാധിപത്യ സംവിധാനങ്ങളിലൂടെയാണ്. ഭണഘടന ഉറപ്പുനല്‍കുന്ന മതപരമായ അവകാശങ്ങളും, സുതാര്യവും നീതിപൂര്‍വ്വകവുമായ ഭരണം ഉറപ്പാക്കുന്നതിനാവശ്യമായ സഭാനിയമങ്ങളും സിവില്‍ നിയമങ്ങളും നിലവിലുള്ള സാഹചര്യത്തില്‍ ഇതര സമുദായത്തിലെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന വഖഫ്-ദേവസ്വം ബോര്‍ഡുകള്‍ക്ക് തുല്യമായ സംവിധാനം സഭയിലും വേണമെന്ന് ശഠിക്കുന്നവര്‍ ഇത്തരം ബോര്‍ഡുകള്‍ നിലവില്‍ വന്നതിന്റെ ചരിത്രപശ്ചാത്തലം കൂടി പരിശോധിക്കേണ്ടതാണ്.

സഭകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ സഭാപരമായും രമ്യതയിലും പരിഹരിക്കുന്നതിനു പകരം സ്വത്തു വിഷയങ്ങള്‍ ഉള്‍പ്പെടുത്തി ജനവികാരം ഇളക്കിവിട്ട് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ചര്‍ച്ച് ആക്ട് നടപ്പിലാക്കാന്‍ ചില സഹോദരീസഭകള്‍ ശ്രമിക്കുന്നത് ആശങ്ക ഉളവാക്കുന്നതാണ്. ദൂരവ്യാപകമായ ദുരന്തഫലങ്ങള്‍ ഉളവാക്കുന്ന ചര്‍ച്ച് ആക്ടിനെ പിന്തുണയ്ക്കുന്നവര്‍ പുനര്‍വിചിന്തനം നടത്തണമെന്ന് സീറോ മലബാര്‍ സഭ ആവശ്യപ്പെട്ടു. സഭാവിരുദ്ധ ശക്തികള്‍ക്ക് നല്‍കുന്ന അനാവശ്യ പിന്തുണ എല്ലാ സഭകളെയും ദോഷകരമായി ബാധിക്കുമെന്ന സത്യം എല്ലാ സഭകളും തിരിച്ചറിയണം. നിലവിലുള്ള ഭിന്നതകളെയും പ്രതികൂല പരിതോവസ്ഥകളെയും കൂട്ടായ ചര്‍ച്ചയിലൂടെ പരിഹരിക്കുകയാണ് വേണ്ടതെന്നും സഭാ നേതൃത്വം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it