Kerala

കേസിനെ കുറിച്ച് ബില്‍ഡര്‍ അറിയിച്ചില്ല ; ഞങ്ങള്‍ ബലിയാടായി : സുപ്രീം കോടതി പൊളിച്ചു മാറ്റാന്‍ നിര്‍ദേശിച്ച മരടിലെ ഫ്ളാറ്റ് ഉടമകള്‍

സി ആര്‍ ഇസഡ് മാപ്പിങ്ങില്‍ വന്ന അപാകതയ്ക്ക് ബലിയാടായത് ഫ്ളാറ്റ് ഉടമകളാണ്. കേസിനെ കുറിച്ചുള്ള വിവരങ്ങള്‍ ബില്‍ഡര്‍ യഥാസമയം അറിയിക്കാതിരുന്നത് മൂലം ഞങ്ങളുടെ ഭാഗം സുപ്രീം കോടതിയില്‍ ഉന്നയിക്കാന്‍ കഴിഞ്ഞില്ല. സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന റിട്ട് ഹര്‍ജിയില്‍ പ്രതീക്ഷയുണ്ട്

കേസിനെ കുറിച്ച് ബില്‍ഡര്‍ അറിയിച്ചില്ല ; ഞങ്ങള്‍ ബലിയാടായി : സുപ്രീം കോടതി പൊളിച്ചു മാറ്റാന്‍ നിര്‍ദേശിച്ച മരടിലെ ഫ്ളാറ്റ് ഉടമകള്‍
X

കൊച്ചി: സുപ്രീം കോടതിയിലെ കേസിനെ കുറിച്ചോ സി ആര്‍ ഇസഡ് നിയമലംഘനത്തെ കുറിച്ചുള്ള ആക്ഷേപങ്ങളോ യഥാസമയം ബില്‍ഡര്‍ അറിയിച്ചിരുന്നില്ലെന്ന് സുപ്രീം കോടതി പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ട ഫ്ളാറ്റുകളില്‍ ഒന്നായ ആല്‍ഫാ സെറീന്‍ ഫ്ളാറ്റ് ഉടമകള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സി ആര്‍ ഇസഡ് മാപ്പിങ്ങില്‍ വന്ന അപാകതയ്ക്ക് ബലിയാടായത് ഫ്ളാറ്റ് ഉടമകളാണ്. കേസിനെ കുറിച്ചുള്ള വിവരങ്ങള്‍ ബില്‍ഡര്‍ യഥാസമയം അറിയിക്കാതിരുന്നത് മൂലം ഞങ്ങളുടെ ഭാഗം സുപ്രീം കോടതിയില്‍ ഉന്നയിക്കാന്‍ കഴിഞ്ഞില്ല. സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന റിട്ട് ഹര്‍ജിയില്‍ പ്രതീക്ഷയുണ്ടെന്നും ആല്‍ഫാ സെറീന്‍ അപ്പാര്‍ട്ട്‌മെന്റ് ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് റഷീദ് ഉസ്മാന്‍, സെക്രട്ടറി സെന്‍ ഈപ്പന്‍, വക്താവ് അഡ്വ. സൂരജ് കൃഷ്ണ എന്നിവര്‍ പറഞ്ഞു.

ബില്‍ഡര്‍ നല്‍കിയ അംഗീകാര പത്രങ്ങളും ബാങ്ക് ലോണ്‍ സംബന്ധിച്ച രേഖകളും പരിശോധിച്ചാണ് ഫ്ളാറ്റ് വാങ്ങിയത്. സ്റ്റാമ്പ് ഡ്യുട്ടി, കെട്ടിട നികുതി, ലാന്‍ഡ് ടാക്‌സ് എന്നിവ കൃത്യമായി അടച്ചിട്ടുണ്ട്. വൈദ്യുതി, എല്‍ പി ജി ചാര്‍ജുകളും നല്‍കുന്നുണ്ട്. അപ്പോഴൊന്നും യാതൊരു നിയമപ്രശ്‌നങ്ങളും ആരും ചൂണ്ടിക്കാട്ടിയിരുന്നില്ല. ചട്ട പ്രകാരമാണ് ഫ്ളാറ്റുകള്‍ പണിതുയര്‍ത്തിയതെങ്കില്‍ നിര്‍മ്മാണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ നോട്ടീസ് നല്‍കുകയോ നിര്‍മാണം നിര്‍ത്തി വെയ്പ്പിക്കുകയോ ചെയ്യാമായിരുന്നു. എല്ലാ നികുതികളും അടച്ചു നിയമാനുസൃതം ഫ്ളാറ്റുകള്‍ സ്വന്തമാക്കിയവര്‍ ഒരു സുപ്രഭാതത്തില്‍ പെരുവഴിയില്‍ ഇറങ്ങേണ്ട അവസ്ഥയാണെന്ന് ഫ്ളാറ്റ് ഉടമകള്‍ ചൂണ്ടിക്കാട്ടി. ആല്‍ഫാ സെറീന്‍ വിലാസത്തില്‍ ആധാര്‍, വോട്ടര്‍ കാര്‍ഡുകള്‍, ഡ്രൈവിങ് ലൈസന്‍സ്, പാസ്സ്പോര്‍ട്ട്, റേഷന്‍ കാര്‍ഡ് എന്നിവ ഇവിടത്തെ താമസക്കാര്‍ക്കുണ്ട്.

നിയമലംഘനം നടന്നിട്ടുണ്ടെങ്കില്‍ നിര്‍മാണത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ കൃത്യമായി ഇടപെട്ടിരുന്നുവെങ്കില്‍ തങ്ങളെ പോലെയുള്ള സാധാരണക്കാര്‍ക്ക് ഈ ഗതി വരില്ലായിരുന്നു. കിടപ്പ് രോഗികളും, വിധവകളും പ്രായമായവരുമൊക്കെ ഇവിടെ താമസിക്കുന്നുണ്ട്. ഇവരെ ഒരു സുപ്രഭാതത്തില്‍ പെരുവഴിയിലേക്ക് ഇറക്കുന്നത് സങ്കടകരമാണ്. തങ്ങളുടേതല്ലാത്ത കുറ്റത്തിന് കിടപ്പാടം നഷ്ടമാകേണ്ട അവസ്ഥയിലാണ് താമസക്കാരെന്നു സൂരജ് കൃഷ്ണ പറഞ്ഞു.മാപ്പിംഗ് സംബന്ധിച്ച് വന്ന വീഴ്ചകളും അലംഭാവവുമാണ് ഇപ്പോഴത്തെ പ്രശ്‌നത്തിലേക്ക് നയിച്ചത്. 2014 മാപ്പിംഗ് തയ്യാറാക്കുന്നതില്‍ കാലതാമസം വന്നതിനെ തുടര്‍ന്ന് കേരള കോസ്റ്റല്‍ സോണ്‍ അതോറിറ്റിയെ ഹൈക്കോടതി ശാസിക്കുക പോലും ഉണ്ടായിട്ടുണ്ട്. ഉദ്യോഗസ്ഥ തലത്തിലും മാപ്പിംഗ് തയാറാക്കുന്നതിലും വന്ന വീഴ്ചകള്‍ക്ക് തങ്ങളെ ബലിയാടാക്കരുതെന്ന് ഫ്ളാറ്റ് ഉടമകള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it